മോൻസൻ കേസിൽ ഹൈക്കോടതിക്കെതിരെ സർക്കാർ. ഹൈക്കോടതിയുടെ ഇടപെടൽ പരിധിവിടുന്നുവെന്നും ഹർജിയ്ക്ക് അപ്പുറമുള്ള കാര്യങ്ങളിൽ കോടതി ഇടപെടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സർക്കാർ അറിയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ആർക്കും പരാതിയില്ലെന്നും മുൻ ഡ്രൈവർ ഇ വി അജിത് നൽകിയ ഹർജി അവസാനിപ്പിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
മോൻസൻ കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം സംഭവിച്ച വീഴ്ച അക്കമിട്ട് ഹൈക്കോടതി വിമർശിച്ചിരുന്നു . ഇതിന് പിറകെയാണ് സർക്കാർ കോടതിയുടെ ഇടപെടലിൽ അതൃപ്തിയുമായി രംഗത്ത് വരുന്നത്.
ഹർജിക്കാരൻ ഉന്നയിക്കാത്ത വിഷയങ്ങളിലേക്ക് കോടതി ഇടെപടൽ നടത്തുകയാണെന്നും ഇത് കേസ് അന്വഷണത്തെ കാര്യമായി ബാധിക്കുന്നുവെന്നുമാണ് സർക്കാർ വിമർശനം.
നിലവിൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ ആർക്കും പരാതിയില്ല. അന്വേഷണത്തിന് മറ്റ് ഏജൻസികളുടെ ആവശ്യവുമില്ല. എന്നാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട കേസിൽ എങ്ങനെ അന്വേഷണം കാര്യക്ഷമമാകുമെന്ന ഹർജിക്കാരൻ പറയാത്ത കാര്യം കോടതി ഉന്നയിക്കുന്നു. മാത്രമല്ല കോടതി ഹർജിക്കാരനോട് ഇഡിയെ കക്ഷി ചേർക്കാൻ ആവശ്യപ്പെടുന്നു. ഇത് അനുസരിച്ച് കേസിൽ ഇഡിയെ കക്ഷിയാക്കുകയും ചെയ്തു. കേസിലെ അന്വഷണം സിബിഐയ്ക്ക് കൈമാറുന്നതാണ് നല്ലതെന്ന എൻഫോഴ്സ്മെന്‍റ് നിലപാടിന് പിന്നിൽ ഇഡിയുടെ അമിതാവേശമാണ് കാണിക്കുന്നത്. ഇത്തരം താൽപ്പര്യത്തിന് പിറകിൽ നിക്ഷിപ്തമായ താൽപ്പര്യം ഉണ്ട്. സംസ്ഥാന സർക്കാറിനെതിരായ കേസുകളിൽ ഇഡി സ്വീകരിക്കുന്ന നിലപാട് ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണെന്നും കോടതിയിൽ സർക്കാർ വ്യക്തമാക്കുന്നു.
ഹർജിക്ക് പുറത്തെ കോടതി ഇടപെടലിലെ നിയമ പ്രശ്നങ്ങൾ ചൂണ്ടാകാണിച്ചാണ് സർക്കാർ സത്യവാങ്മൂലം. ഈ സത്യവാങ്മൂലത്തിൽ ഇനി ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് നിർണ്ണയകമാണ്.