ബിനീഷ് കോടിയേരിയുടെ അറസ്റ്റില്‍ രാഷ്ട്രീയമായും ധാര്‍മികമായും സിപിഐഎം മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് സംഘവും മയക്കുമരുന്ന് കള്ളക്കടത്ത് സംഘവും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്.അന്താരാഷ്ട്ര മയക്കുമരുന്ന്, കള്ളക്കടത്ത് സംഘവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. കള്ളക്കടത്ത് സംഘത്തിന് പണം എത്തിച്ചുകൊടുത്തുവെന്ന ഗൗരവകരമായ കുറ്റമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ മകന്റെ മേല്‍ ഇപ്പോള്‍ ആരോപിക്കപ്പെട്ടിരിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
ശതകോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകള്‍, റിയല്‍ എസ്റ്റേറ്റ് മാഫിയാ ബന്ധം, ഹവാല ഇടപാടുകള്‍, മയക്കുമരുന്ന് കച്ചവടം, സ്വര്‍ണകള്ളക്കടത്ത് ഇതെല്ലാം കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകനുമായി ബന്ധപ്പെട്ടാണ്. അതുകൊണ്ടുതന്നെ ഈ കേസിന്റെ ഗൗരവം വര്‍ധിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസും ഏകെജി സെന്ററും ഒരേ ദിവസം ഗുരുതരമായ കേസില്‍ പെട്ടിരിക്കുകയാണ്. ക്ലിഫ് ഹൗസും എകെജി സെന്ററും സ്വര്‍ണകള്ളക്കടത്തിനും മയക്കുമരുന്നു കച്ചവടത്തിനും കുടപിടിച്ചിരിക്കുകയാണ്. അത്യസാധാരണമായ സംഭവമാണ് ഇത്. രാജ്യത്തിന്റെ ചരിത്രത്തില്‍ എവിടെയും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിത്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും നടന്നിട്ടില്ലാത്ത തരത്തിലുള്ള കുറ്റകൃത്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസും പാര്‍ട്ടി ഓഫീസും അകപ്പെട്ടിരിക്കുന്നത്.
എകെജി സെന്ററും ക്ലിഫ് ഹൗസും കളങ്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് പാര്‍ട്ടി നേതൃത്വം ഇക്കാര്യത്തില്‍ തെറ്റ് ഏറ്റുപറഞ്ഞ് വിശദീകരണം നല്‍കണം. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പറയുന്നതുപോലെ കൊടിയേരി ബാലകൃഷ്ണനും ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

