സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ ബെംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. ബിനീഷിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റഡി. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ബിനീഷിനെ ചോദ്യം ചെയ്തത്.
ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ് എന്‍ഫോഴ്സമെന്റിന് നല്കിയ മൊഴിയാണ് ഇദ്ദേഹത്തിനെതിരായ പ്രധാന തെളിവായി മാറിയത്. പരപ്പന അഗ്രഹാര ജയിലില്‍ വച്ച് നടന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. 50 ലക്ഷത്തില്‍ അധികം രൂപ അനൂപ് സമാഹരിച്ചെന്നാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തല്‍. നിരവധി മലയാളികളും ഇങ്ങനെ പണം നല്‍കിയവരിലുണ്ട്. ബിനാമി ഇടപാടുകളും അന്വേഷണ ഏജന്‍സി സംശയിക്കുന്നു.
ബെംഗളൂരുവില്‍ വിവിധയിടങ്ങളിലായി മുഹമ്മദ് അനൂപ് ഹോട്ടലുകള്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. ഇത് മറയാക്കി ലഹരി കടത്തിനുവേണ്ടി സമാഹരിച്ച പണം വകമാറ്റിയോ എന്നും പരിശോധിക്കുന്നുണ്ട്.