എല്‍ജെപി സ്ഥാനാര്‍ത്ഥിക്കുവേണ്ടി ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനിറങ്ങിയ താന്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടേനെയെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി അമീഷ പട്ടേല്‍. ലോക് ജനശക്തി പാര്‍ട്ടി നേതാവ് പ്രകാശ് ചന്ദ്രയ്ക്കും സംഘത്തിനുമെതിരെയാണ് നടിയുടെ ആരോപണം. ദു:സ്വപ്‌നം എന്നാണ് സംഭവത്തെ അമീഷ വിശേഷിപ്പിച്ചത്. സ്ഥാനാര്‍ത്ഥിയും സംഘവും ആവശ്യപ്പെട്ട പ്രകാരം പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണ് തനിക്ക് ജീവന് ഭീഷണി നേരിട്ടതെന്ന് അമീഷ പറയുന്നു. ബിഹാറില്‍ നിന്ന് രക്ഷപ്പെടുന്നതിനും അതിലുപരി ജീവന്‍ രക്ഷിക്കുന്നതിനും നിരവധി നാടകം കളിക്കേണ്ടി വന്നു. മുംബൈയിലെത്തിയ ശേഷവും ഭീഷണി സന്ദേശങ്ങളും കോളുകളുമുണ്ടായെന്നും നടി പറയുന്നു.
ബീഹറിലെ ദാവൂദ് നഗര്‍ സ്ഥാനാര്‍ത്ഥിയായ പ്രകാശ് ചന്ദ്രയുടെ പ്രചരണ റാലിയില്‍ അതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു അമീഷ പട്ടേല്‍. എന്നാല്‍ പ്രകാശ് ചന്ദ്ര ഭീഷണിപ്പെടുത്തുകയും ഇയാളുടെ ആളുകള്‍ തടഞ്ഞുവെയ്ക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന് നടി പറയുന്നു. ഞാന്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുമായിരുന്നു. കാറിന് ചുറ്റും അയാളുടെ സംഘം റോന്തുചുറ്റുന്നുണ്ടായിരുന്നു. അവര്‍ പറയുന്നത് ചെയ്യാനാവില്ലെന്ന് വ്യക്തമാക്കുമ്പോള്‍ അനങ്ങാന്‍ വിടില്ലായിരുന്നു. ജീവന്‍ അപകടത്തിലാക്കി എന്നെ കെണിയില്‍പ്പെടുത്തി. അങ്ങനെ ഫ്‌ളൈറ്റ് നഷ്ടപ്പെടുന്ന സാഹചര്യം വരെയുണ്ടായി നടി പറഞ്ഞു.
അതേസമയം അമീഷ പട്ടേലിന്റെ ആരോപണങ്ങള്‍ തള്ളി പ്രകാശ് ചന്ദ്ര രംഗത്തെത്തി. ദാവൂദ് നഗറിലെ റാലിയില്‍ അവര്‍ക്ക് എല്ലാവിധ സുരക്ഷയും തങ്ങള്‍ ഒരുക്കിയിരുന്നുവെന്നും ഭീഷണിപ്പെടുത്തുകയോ തടഞ്ഞുവെയ്ക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സംഘം അവരുടെ സുരക്ഷയ്ക്കായി സ്ഥലത്തുണ്ടായിരുന്നു. അവര്‍ ആരോപിക്കുന്ന പോലെയൊന്നും സംഭവിച്ചിട്ടില്ല. വിമാനത്താവളത്തില്‍ പപ്പു യാദവുമായി അമീഷ കൂടിക്കാഴ്ച നടത്തുകയും 15 ലക്ഷത്തിന്റെ കരാര്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു. അതുപ്രകാരമാണ് ആരോപണം ഉന്നയിക്കുന്നത്. തനിക്ക് അനുകൂലമായി വീഡിയോ ചെയ്തുതരാമെന്ന് അമീഷ വാക്കുനല്‍കിയിരുന്നു. പക്ഷേ പിന്നീട് 10 ലക്ഷം രൂപയാവശ്യപ്പെട്ടെന്നും പ്രകാശ് ചന്ദ്ര ആരോപിച്ചു.