കേരളത്തില്‍ രക്താതിമര്‍ദ്ദമുള്ളവരുടേയും ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരുടേയും എണ്ണം വളരെ കൂടുതലായതിനാല്‍ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 40 വയസിന് താഴെയുള്ളവരിലും പക്ഷാഘാതം (യങ് സ്‌ട്രോക്ക്) ഏറിവരുന്നുണ്ട്. തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി പോലെയുള്ള ദുശീലങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവയാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. അതിനാല്‍ ലോക സ്‌ട്രോക്ക് ദിനത്തോടനുബന്ധിച്ച് എല്ലാവരും സ്‌ട്രോക്കിനെപ്പറ്റി അറിയണമെന്നും മന്ത്രി പറഞ്ഞു. ഒക്‌ടോബര്‍ 29ന് ലോക സ്‌ട്രോക്ക് ദിനത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ലോകാരോഗ്യ സംഘടനയും വേള്‍ഡ് സ്‌ട്രോക്ക് ഫെഡറേഷനും ചേര്‍ന്നാണ് എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 29ന് ലോക സ്‌ട്രോക്ക് ദിനം ആചരിക്കുന്നത്. പക്ഷാഘാതം തടയുന്നതിനായി പ്രവര്‍ത്തന നിരതരായിരിക്കുക (‘Join the movement’ being active can decrease your risk ) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ചെറിയ വ്യായാമങ്ങളിലൂടെയും ശരീരത്തിന്റെ ചലനങ്ങളിലൂടെയും സദാ പ്രവര്‍ത്തനക്ഷമമാക്കുന്നതു മൂലം രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും അതിലൂടെ സ്‌ട്രോക്ക് തടയാന്‍ സാധിക്കും എന്നതാണ് ഈ സന്ദേശത്തിന്റെ ശാസ്ത്രീയ വശം. നാം വെറുതെ നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും ജോലിയില്‍ ഏര്‍പ്പെടുമ്പോഴും ശരീരഭാഗങ്ങള്‍ ചലിപ്പിച്ചും ചുവടുകള്‍ വച്ചും എല്ലായ്‌പ്പോഴും കര്‍മ്മനിരതരായിരിക്കുക. അതിലൂടെ സ്‌ട്രോക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.
എന്താണ് സ്‌ട്രോക്ക്?
മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോക്ക്. രക്താതിമര്‍ദ്ദത്തിന്റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. ആഗോളതലത്തില്‍ നാല് മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്
സമയം അതിപ്രധാനം
സമയബന്ധിതമായ ചികിത്സ കൊണ്ട് മാത്രം ഭേദമാക്കാവുന്ന ഒരു രോഗമാണ് സ്‌ട്രോക്ക്. വായ് കോട്ടം, കൈയ്‌ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. സ്‌ട്രോക്കിന്റെ രോഗ ലക്ഷണങ്ങള്‍ ആരംഭിച്ച് നാലര മണിക്കൂറിനുള്ളില്‍ ചികിത്സാ കേന്ദ്രത്തില്‍ എത്തിചേര്‍ന്നെങ്കില്‍ മാത്രമേ ഇതിന് ഫലപ്രദമായ ചികിത്സ നല്‍കുവാന്‍ സാധിക്കുകയുള്ളൂ. ഉടനടി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകും. ചിലപ്പോള്‍ മരണം തന്നെയും. അതിനാല്‍ സ്‌ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്.
സ്‌ട്രോക്ക് നേരിടാന്‍ ശിരസ്
വളരെ വിലയേറിയ സ്‌ട്രോക്ക് ചികിത്സ സാധാരണക്കാരില്‍ എത്തിക്കാന്‍ ഈ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ കൂടി സ്‌ട്രോക്ക് ചികിത്സ ആരംഭിച്ചു. ജില്ലാ, ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ലഭ്യമാക്കുകയും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കുകയും ചെയ്തു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതിയുടെ കീഴില്‍ സ്‌ട്രോക്ക് ചികിത്സയ്ക്കായി ശിരസ് പദ്ധതി (SIRAS tSroke Identification Rehabilitation Awareness and Stabilisation Programme) ആരംഭിച്ചു. ഇതിനായി ജില്ലാ, ജനറല്‍ ആശുപത്രികളില്‍ സ്‌ട്രോക്ക് ഒപി, സ്‌ട്രോക്ക് ഐപി, സ്‌ട്രോക്ക് ഐസിയു, സ്‌ട്രോക്ക് റീഹാബിലിറ്റേഷന്‍ എന്നിവ സജ്ജീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും തടസം കൂടാതെ സിടി സ്‌കാന്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി എച്ച്എല്‍എല്ലുമായി സഹകരിച്ച് കൊണ്ട് ടെലി റേഡിയോളജി സംവിധാനം പ്രാവര്‍ത്തികമാക്കുകയും ചെയ്തു.
തിരുവനന്തപുരം ജനറല്‍ ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, തൃശൂര്‍ ജനറല്‍ ആശുപത്രി, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, കോഴിക്കോട് ജനറല്‍ ആശുപത്രി എന്നീ 9 ജില്ലാ, ജനറല്‍ ആശുപത്രികളിലാണ് സ്‌ട്രോക്ക് യൂണിറ്റ് സ്ഥാപിച്ചത്. ബാക്കിയുള്ള ജില്ലാ, ജനറല്‍ ആശുപത്രികളില്‍ പ്രവര്‍ത്തനസജ്ജമാക്കി വരുന്നു.
സ്‌ട്രോക്കിന് കാരണമായ തലച്ചോറിലെ രക്തകട്ട അലിയിച്ചു കളയുന്നതിനായി വിലയേറിയ മരുന്നായ ടി.പി.എ. (Tissue Plasminogen Activator) മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴി സംഭരിച്ച് സ്‌ട്രോക്ക് യൂണിറ്റിലേക്ക് വിതരണം ചെയ്ത് വരുന്നു. ആരോഗ്യ വകുപ്പില്‍ നിലവിലുള്ള ന്യൂറോളജിസ്റ്റുമാരും പരിശീലനം ലഭിച്ച ഫിസീഷ്യന്‍മാരുമാണ് ഈ യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നത്.
ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാര്‍ക്കും സ്റ്റാഫ് നഴ്‌സുമാര്‍ക്കും ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്കും സ്‌ട്രോക്ക് ചികിത്സയ്ക്കുള്ള വിദഗ്ദ്ധ പരിശീലനം എല്ലാ വര്‍ഷവും നല്‍കി വരുന്നു. കുറഞ്ഞ നാള്‍ കൊണ്ട് ഈ പദ്ധതിയിലൂടെ 130 സ്‌ട്രോക്ക് രോഗികള്‍ക്ക് ത്രോംബോലൈസിസ് ചികിത്സ നല്‍കാന്‍ സാധിച്ചുവെന്നത് ഈ പദ്ധതിയുടെ വിജയമായി കണക്കാക്കാവുന്നതാണ്. ഇതിനു പുറമേ സ്‌ട്രോക്ക് ബാധിച്ചവര്‍ക്ക് പക്ഷാഘാത പുനരധിവാസവും (tSroke Rehabilitation) നല്‍കി വരുന്നു.
മെഡിക്കല്‍ കോളേജുകളില്‍ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കി വരുന്നു. നിലവിലുള്ള സ്‌ട്രോക്ക് യൂണിറ്റ് വിപുലീകരിച്ചാണ് സമഗ്ര സ്‌ട്രോക്ക് സെന്ററുകളാക്കുന്നത്. പ്രധാന മെഡിക്കല്‍ കോളേജുകളില്‍ സ്‌ട്രോക്ക് കാത്ത് ലാബ് ഉള്‍പ്പെടെ സ്‌ട്രോക്ക് ചികിത്സയ്ക്കാവശ്യമായ നൂതന സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഐസിയു, സിടി ആഞ്ചിയോഗ്രാം എന്നിവയുമുണ്ടാകും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സമഗ്ര സ്‌ട്രോക്ക് സെന്ററില്‍ കാത്ത് ലാബ് ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിവരുന്നത്.
കോട്ടയം ജില്ലാ ആശുപത്രിയില്‍ സ്‌ട്രോക്ക് യൂണിറ്റ് ഉദ്ഘാടനം
ഈ വര്‍ഷം ലോക സ്‌ട്രോക്ക് ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ആശുപത്രിയില്‍ പണികഴിപ്പിച്ച സ്‌ട്രോക്ക് യൂണിറ്റിന്റെ ഉദ്ഘാടനം കൂടി നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പിന് കീഴിലുള്ള ജീവിതശൈലീ രോഗ നിര്‍ണയ പദ്ധതിയുടെ പ്ലാന്‍ ഫണ്ടും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ടും ഉപയോഗിച്ചാണ് ഇവിടെ സ്‌ട്രോക്ക് ഐസിയു പൂര്‍ത്തിയാക്കിയിരിക്കുന്നത്. കോട്ടയം ജില്ലാ ആശുപത്രിയില്‍ ജനുവരി 2018 മുതല്‍ പക്ഷാഘാത ചികിത്സ ആരംഭിക്കുകയുണ്ടായി. സ്‌ട്രോക്ക് ഐസിയു കൂടി ഈ യൂണിറ്റിന്റെ ഭാഗമാകുന്നതോടെ പക്ഷാഘാത ചികിത്സ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ സാധിക്കുന്നതാണ്