പ്രമുഖ സോഷ്യലിസ്റ്റ് നേതാവും എൽ.ജെ.ഡി. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ അഡ്വ.എം.കെ.പ്രേംനാഥ് (72). അന്തരിച്ചു. 2006-ൽ വടകര മണ്ഡലത്തിൽ നിന്നാണ് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. 2011-ൽ വടകരയിൽനിന്ന് വീണ്ടും ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. വിവടകര റൂറൽ ബാങ്ക് പ്രസിഡന്റ്, സ്വതന്ത്രഭൂമി പത്രാധിപർ, തിരുവനന്തപുരം പാപ്പനംകോട് എൻജിനീയറിങ് കോളേജ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. ‘സ്വാതന്ത്ര്യം തന്നെ അമൃതം’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
അറിയപ്പെടുന്ന പ്രഭാഷകനും, സഹകാരിയും അഭിഭാഷകനുമാണ്. സോഷ്യലിസ്റ്റ് നിരയിലെ സൗമ്യസാന്നിധ്യമായ ഇദ്ദേഹം വിദ്യാർഥി കാലഘട്ടം മുതൽ പൊതുപ്രവർത്തനരംഗത്ത് നിറസാന്നിധ്യമാണ്.
സോഷ്യലിസ്റ്റ് വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്.
സ്വാതന്ത്ര്യസമരസേനാനിയായ ചോമ്പാലയിലെ പരേതനായ കുന്നമ്പത്ത് നാരായണക്കുറുപ്പാണ് പിതാവ്. മാതാവ്: പരേതയായ പത്മാവതി അമ്മ. ഭാര്യ: പരേതയായ ടി.സി.പ്രഭ. മകൾ: ഡോ.പ്രിയ. മരുമകൻ: കിരൺ കൃഷ്ണ (ദുബായ്). സഹോദരങ്ങൾ: ബാബു ഹരിപ്രസാദ്, ശോഭന, രമണി, പരേതരായ സേതുകൃഷ്ണൻ, ചന്ദ്രമണി.