ന്യൂഡല്‍ഹി: വെള്ളക്കെട്ടില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ച ഡല്‍ഹിയിലെ ഐഎഎസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റില്‍ ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചിരുന്നത് നിയമവിരുദ്ധമായിട്ടെന്ന് റിപ്പോര്‍ട്ട്. ബേസ്മെന്റിന് സ്റ്റോര്‍ റൂം പ്രവര്‍ത്തിക്കാന്‍ മാത്രമാണ് ഫയര്‍ഫോഴ്സ് അനുമതി നല്‍കിയിരുന്നത്. ഡല്‍ഹി ഫയര്‍ഫോഴ്‌സ് പരിശോധന റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. ഇന്നും വിവിധ കോച്ചിംഗ് സെന്ററുകളില്‍ പരിശോധന തുടരുമെന്ന് എംസിഡി അറിയിച്ചു.
അതേസമയം, റാവൂസ് കോച്ചിംഗ് സെന്ററിന് മുന്നില്‍ ഇന്നും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നടക്കുകയാണ്. റോഡില്‍ കുത്തിയിരുന്നാണ് പ്രതിഷേധം. ഏഴ് ആവശ്യങ്ങളുമായാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. അപകടത്തില്‍ പരിക്കേറ്റവരുടെ മുഴുവന്‍ പേര് വിവരങ്ങള്‍ പുറത്തു വിടുക, എഫ്‌ഐആര്‍ കോപ്പി ലഭ്യമാക്കുക, സംഭവത്തില്‍ സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, പ്രദേശത്തെ ഓടകള്‍ കാര്യക്ഷമമാക്കുക, മരിച്ചവര്‍ക്ക് 1 കോടി രൂപ സഹായധനം, മേഖലയിലെ വാടക നിരക്കുകള്‍ നിയമ വിധേയമാക്കുക, ബെസ്മെന്റിലെ ക്ലാസ് മുറികള്‍, ലൈബ്രറികള്‍ പൂര്‍ണമായും അടച്ചു പൂട്ടുക, കോച്ചിംഗ് സെന്ററുകള്‍ക്ക് മുന്നില്‍ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയവയാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
ദുരന്തത്തില്‍ മരിച്ച എറണാകുളം നീലിശ്വരം സ്വദേശി നിവിന്‍ ഡാല്‍വിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. നിവിന്റെ ബന്ധുക്കള്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.