തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ ഇടതുപക്ഷം മത്സരിക്കരുതെന്ന കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ ഇടതുപക്ഷം മത്സരിക്കരുതെന്ന് പറയാനുള്ള ധാർമ്മികത കോൺഗ്രസിനില്ല. ഇടതുപക്ഷ നേതാക്കൾ മരിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥിയെ നിർത്താറുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ സ്ഥാനാർഥിയെ കോൺഗ്രസ് കൂട്ടായി പ്രഖ്യാപിക്കും. ഉമ്മൻ ചാണ്ടി മരിച്ചതിന് പിറ്റേന്നുതന്നെ സ്ഥാനാർഥിയെ തീരുമാനിക്കാൻ കഴിയുമോ എന്നും ചെന്നിത്തല ചോദിച്ചു. ഇപ്പോൾ സ്ഥാനാർഥിയെക്കുറിച്ച് പറയേണ്ട സമയമല്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഭാഗത്തുനിന്നും പ്രഖ്യാപനമുണ്ടായാൽ വൈകാതെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസിനാകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംപി മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ പാർട്ടി തീരുമാനം കൈക്കൊള്ളും. എൻ്റെ പ്രവർത്തനമേഖല കേരളമാണ്. ഇനി ദില്ലി താൽപ്പര്യങ്ങൾ ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വിവിധ വിഷയങ്ങളിൽ പ്രതികരിച്ചതിൻ്റെ പേരിൽ പ്രതിപക്ഷ നേതാവ് ആരെന്ന പരിഹാസത്തിന് ചെന്നിത്തല മറുപടി നൽകി. പ്രതിപക്ഷ നേതാവാകാൻ മത്സരമില്ല. വി ഡി സതീശൻ തന്നെയാണ് പ്രതിപക്ഷനേതാവ്. സതീശന് എല്ലാവിധ പിന്തുണയും നൽകും. അത് തുടരുകയും ചെയ്യും. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളും സാഹചര്യങ്ങളും ഉണ്ടാകുമ്പോൾ പ്രതികരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

