കരിപ്പൂര്‍: ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 11 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഒരു യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു.
ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കാസര്‍ഗോഡ് സ്വദേശി അബ്ദുല്‍ റഹൂഫ് (24) ആണ് 188 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്.
സ്വര്‍ണ്ണം നേര്‍ത്ത പൊടിയാക്കിയ ശേഷം പാക്ക് ചെയ്ത് ഇയാള്‍ ധരിച്ചിരുന്ന ഇന്നര്‍ വെയറില്‍ തുന്നിപ്പിടിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 11 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.
ഇന്നലെ രാത്രി 7 മണിക്ക് ദുബായില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് (SG 54) വിമാനത്തിലാണ് ഇയാള്‍ കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 8.00 മണിക്ക് വിമാത്താവളത്തിന് പുറത്തിറങ്ങി പ്രീ പെയ്ഡ് ടാക്സിയില്‍ ഫെറോക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെടുമ്പോഴായിരുന്നു, റഹൂഫിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് ഐ പി എസി ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്ത് ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും
തന്‍റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന കാര്യം സമ്മതിക്കാന്‍ തയ്യാറാവാതിരുന്ന സഫുവാന്‍റെ ദേഹവും വസ്ത്രവും വിശദമായി പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഇന്നര്‍ വെയറില്‍ അഡീഷണലായി ഒരു സ്റ്റിച്ചിംഗ് കാണപ്പെട്ടത്. തുടര്‍ന്ന് സ്റ്റിച്ച് പൊട്ടിച്ചപ്പോള്‍ ഉള്ളില്‍ സ്വര്‍ണ്ണ പാക്കറ്റ് കണ്ടെത്തുകയായിരുന്നു.
റഹൂഫിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കള്ളക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

