ഏറെക്കാലമിയി നിലനില്‍ക്കുന്ന പ്രശ്‌നമാണ് മാട്ടുമ്മല്‍ പ്രദേശത്തുകാരുടെ കുടിവെള്ള പ്രശ്‌നം. ഐഐഎം ലെ മാലിന്യപ്ലാന്റില്‍ നിന്നുമുള്ള മാലിന്യത്തില്‍ കുന്ദമംഗലം മാട്ടുമ്മല്‍ പ്രദേശവാസികളുടെ കുടിവെള്ളം നശിച്ചിട്ട് ഏറെ നാളായി. വലിയ പ്രതിഷേധങ്ങളും മറ്റും കാരണം താത്കാലിക പരിഹാരം വിഷയത്തില്‍ വന്നിരുന്നു. എന്നാല്‍ നാളുകള്‍ക്കിപ്പുറം മാട്ടുമ്മല്‍ പ്രദേശവാസികളുടെ പ്രശ്‌നം വീണ്ടും ചര്‍ച്ചയായി.
നാളുകള്‍ക്ക് മുന്‍പ് പ്രദേശവാസികളുടെ വെള്ളം മലിനമായപ്പോള്‍ പരിഹാരമെന്നോണം ഐഐഎം ഇവര്‍ക്ക് കുടിവെള്ളമെത്തിച്ച് നല്‍കിയിരുന്നു. എന്നാല്‍ സമയത്തിനെത്തിക്കാത്തതും മറ്റും അന്ന് ഏറെ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു. ഐഐഎംന്റെ മാലിന്യ പ്ലാന്റിലെ മാലിന്യം ഒഴുകി കിണറുകളിലെത്തിയായിരുന്നു ഒരു തരത്തിലുള്ള ഉപയോഗത്തിനും സാധിക്കാത്ത രീതിയില്‍ കിണറുകള്‍ മാറിയിരുന്നത്. തുടര്‍ന്ന് പഞ്ചായത്ത് അധികൃതരും മറ്റും ഇടപെട്ടായിരുന്നു വെള്ളം ഐഐഎം നല്‍കി വന്നിരുന്നത്. എന്നാല്‍ ദിവസവും ഐഐഎം നല്‍കുന്ന വെള്ളത്തിന്റെ ഔദാര്യത്തില്‍ മാത്രം ജീവിക്കേണ്ട അവസ്ഥ വന്നപ്പോള്‍ പ്രദേശത്തുകാര്‍ എംഎല്‍എ പിടിഎ റഹീമിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് എംഎല്‍എ കലക്ടര്‍ക്ക് പരാതി കൈമാറുകയും കലക്ടര്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് നല്‍കുകയും ചെയ്തു. ഇതിന്റെ പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഐഐഎം നല്‍കിക്കൊണ്ടിരുന്ന വെള്ളം നിര്‍ത്തി പ്രദേശത്തുകാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. അഞ്ചാറ് കുടുംബങ്ങള്‍ ആണ് ഇതുവഴി ഏറെ ബുദ്ധിമുട്ടുന്നത്.
സമൂഹത്തില്‍ ഉന്നത ശ്രേണിയിലുള്ളവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടി സ്ഥാപിക്കപ്പെട്ട ഐഐഎം മാനേജ്‌മെന്റിന്റെ അപാര്യാപ്തതയാണ് ഇത്തരത്തില്‍ കുടുംബങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.
കലക്ടറും എംഎല്‍എ യും ശുചിത്വമിഷനും അടങ്ങിയ കമ്മറ്റി തീരുമാനിച്ചതില്‍ നിന്നും ഐഐഎം വെള്ളം നല്‍കാതെ നടപ്പിലാക്കുന്ന വിഷയത്തില്‍ ഇനി വലിയ പ്രതിഷേധം ഉണ്ടായേക്കും.