നേപ്പാളിലെ വിമാനത്താവളത്തില്‍ നിന്ന് ഇരുപത്തിരണ്ട് യാത്രക്കാരുമായി പറന്ന ചെറു വിമാനം കാണാതായതായി റിപ്പോര്‍ട്ട്. നേപ്പാളിലെ കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ 9 എന്‍എഇടി ചെറുവിമാനമാണ് കാണാതായത്. ഞായറാഴ്ച രാവിലെ 9.55 ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
വിമാനത്തില്‍ 19 യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതില്‍ നാല് പേര്‍ ഇന്ത്യക്കാരാണ്. മൂന്നു പേര്‍ ജപ്പാന്‍ പൗരന്മാരും ബാക്കി നേപ്പാള്‍ സ്വദേശികളുമാണ്.
‘മുസ്താങ് ജില്ലയിലെ ജോംസോമിന് മുകളിലുള്ള ആകാശപാതയില്‍ വിമാനം എത്തിയിരുന്നു. തുടര്‍ന്ന് വിമാനം ധൗലഗിരി പര്‍വതത്തിലേക്ക് വഴിതിരിച്ചുവിട്ടു, അതിനുശേഷം വിമാനവും കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വിമാനത്തിനായി തിരച്ചില്‍ തുടരുന്നു.’-ചീഫ് ഡിസ്ട്രിക് ഓഫീസര്‍ നേത്ര പ്രസാദ് ശര്‍മ്മ പറഞ്ഞു.
കാണാതായ വിമാനത്തിനായുള്ള തിരച്ചിലിനായി മസ്താങ്ങില്‍ നിന്നും പൊഖാറയില്‍ നിന്നും രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകള്‍ ആഭ്യന്തര മന്ത്രാലയം വിന്യസിച്ചിട്ടുണ്ട്. തെരച്ചിലിനായി നേപ്പാള്‍ ആര്‍മി ഹെലികോപ്റ്ററും വിന്യസിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ഫദീന്ദ്ര മനി പൊഖാരെല്‍ എഎന്‍ഐയോട് പറഞ്ഞു.