ന്യൂനപക്ഷ ക്ഷേമപദ്ധതി സംബന്ധിച്ച ഹൈകോടതി വിധി നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ. കോടതി വിധി അനുസരിച്ച് സർക്കാർ മുന്നോട്ടു പോകുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. അതിന് ആവശ്യമായ സമീപനം സ്വീകരിക്കാനേ സർക്കാറിന് സാധിക്കൂവെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാർഥികൾക്ക് അനുവദിക്കുന്ന മെറിറ്റ് സ്കോളർഷിപ് 80 ശതമാനം മുസ്ലിംകൾക്കും 20 ശതമാനം ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമായി സംവരണം ചെയ്ത സംസ്ഥാന സർക്കാറിന്റെ ഉത്തരവുകളാണ് ഹൈകോടതി റദ്ദാക്കിയത്.
കേന്ദ്രസർക്കാർ വിജ്ഞാപന പ്രകാരം ന്യൂനപക്ഷ സമുദായമായി പ്രഖ്യാപിച്ച എല്ലാ വിഭാഗക്കാർക്കും ജനസംഖ്യാനുപാതികമായി ആനുകൂല്യം വിതരണം ചെയ്യണമെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

