തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡിനെ തുടർന്നുള്ള സാമ്പത്തികപ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കുന്നതിനുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം. ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നതിന് സർക്കാർ നേരത്തേ പുറപ്പെടുവിച്ച ഉത്തരവിന് നിയമപരമായി പിൻബലമില്ലെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചതിനെ തുടർന്ന്, കേരള ഡിസാസ്റ്റർ ആൻഡ് പബ്ലിക് എമർജൻസി സ്പെഷ്യൽ പ്രൊവിഷൻസ് ആക്ട് അനുസരിച്ചാണ് തീരുമാനം.
ആക്ട് പ്രകാരം ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനം വരെ മാറ്റിവെയക്കാൻ സർക്കാരിന് അധികാരമുണ്ട്. തുക എപ്പോൾ തിരിച്ചു നൽകുമെന്ന കാര്യം 6 മാസത്തിനു ശേഷം സർക്കാർ ബോധ്യപെടുത്തിയാൽ മതി . നേരത്തെ സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 5 മാസമെടുത്ത് കൊണ്ട് മാറ്റി വെക്കുന്ന നടപടിയ്ക്കെതിരെ പ്രതിപക്ഷ സംഘടനകൾ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് വന്ന കോടതി വിധിയുടെ പിന്നാലെയാണ് ഓർഡിനൻസ്. കോടതി വിധിയ്ക്കെതിരെ അപ്പീൽ പോകേണ്ടതില്ലായെന്ന കാര്യവും യോഗത്തിൽ തീരുമാനമെടുത്തു

