തൃശൂര്‍: ചാലക്കുടിയില്‍ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍. വീട്ടുകാരുടെ കണ്‍മുന്നില്‍ വെച്ച് വളര്‍ത്തു നായയെ പുലി കടിച്ചു വലിച്ചു. കാടുകുറ്റി പഞ്ചായത്തില്‍ കണക്കകടവ് സ്വദേശി അമ്മിണിയുടെ വീട്ടിലാണ് പുലിയെത്തി വളര്‍ത്തുനായയെ ആക്രമിച്ചത്. ആക്രമണത്തില്‍ നായയുടെ മുഖത്തും ശരീരത്തിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.
പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്. ഇന്നലെ രാത്രി പത്തരയ്ക്കാണ് വളര്‍ത്തുനായയെ പുലി ആക്രമിച്ചതെന്ന് ടി ജെ സനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. വീട്ടുകാര്‍ ലൈറ്റിട്ട് നോക്കി ബഹളം വച്ചപ്പോഴാണ് പുലി ഓടിപ്പോയത്. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചതായും അദ്ദേഹം പറഞ്ഞു.