തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ നടന്നത് ഗുരുതര വീഴ്ച. ബൈക്കില്‍ പോകുമ്പോള്‍ ഉത്തരക്കടലാസുകള്‍ നഷ്ടമായെന്നാണ് അധ്യാപകന്റെ വിശദീകരണം. പാലക്കാട് നിന്നുള്ള യാത്രക്കിടെ ഉത്തരക്കടലാസുകള്‍ നഷ്ടമായെന്നും മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്‍ സര്‍വകലാശാല അധികൃതരെ അറിയിച്ചു. അധ്യാപകനെതിരെ നടപടിയെടുക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം.
സംഭവത്തില്‍ വൈസ് ചാന്‍സിലര്‍ രജിസ്ട്രാറോട് റിപ്പോര്‍ട്ട് തേടും. അതേസമയം, അധ്യാപകന്റെ വീഴ്ച ആദ്യ മൂടിവെക്കാനാണ് സര്‍വകലാശാല ശ്രമിച്ചത്. ഉത്തരക്കടലാസ് കാണാതായതിന്റെ കാരണം ആദ്യം പറയാതെ പുനപരീക്ഷ പ്രഖ്യാപിച്ച് പ്രശ്‌നം ഒതുക്കാനായിരുന്നു സര്‍വകലാശാലയുടെ ശ്രമം. എന്നാല്‍, സംഭവം വാര്‍ത്തയായതോടെയാണ് സര്‍വകലാശാല നടപടിയുമായി മുന്നോട്ട് പോകുന്നത്. പാലക്കാട് സ്വദേശിയായ അധ്യാപകന്‍ മൂല്യനിര്‍ണയം നടത്തിയ 71 ഉത്തരക്കടലാസുകളാണ് കാണാതായത്.
കേരള സര്‍വകലാശാലയിലെ 2022-2024 ബാച്ചിലെ 71 എംബിഎ വിദ്യാര്‍ത്ഥികളുടെ മൂന്നാം സെമസ്റ്റര്‍ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. മൂല്യനിര്‍ണയത്തിനായി കൊടുത്തയച്ച ഉത്തരക്കടലാസുകള്‍ അധ്യാപകന്റെ പക്കല്‍ നിന്നാണ് നഷ്ടപ്പെട്ടത്. മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാത്തതിനാല്‍ കോഴ്‌സ് പൂര്‍ത്തിയായിട്ടും ഫലപ്രഖ്യാപനവും നടത്താനായിട്ടില്ല. ഈ വിദ്യാര്‍ത്ഥികള്‍ പുനപരീക്ഷ എഴുതണമെന്നാണ് സര്‍വകലാശാലയുടെ നിര്‍ദേശം. പരീക്ഷ കഴിഞ്ഞിട്ട് പത്തുമാസം കഴിഞ്ഞിട്ടും ഉത്തരക്കടലാസിനെക്കുറിച്ച് യാതൊരു വിവരവുമില്ല. ഉത്തരക്കടലാസ് നഷ്ടമായതോടെ ഫലപ്രഖ്യാപനവും നടത്തിയിട്ടില്ല. കേരള സര്‍വകലാശാലയിലെ 2022-2024 ബാച്ചിലെ ഫിനാന്‍സ് സ്ട്രീം എംബിഎ വിദ്യാര്‍ത്ഥികളുടെ പ്രൊജക്ട് ഫിനാന്‍സ് പേപ്പറിന്റെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്.