കോഴിക്കോട്: കോവൂര്‍- ഇരിങ്ങാടന്‍പള്ളി മിനി ബൈപ്പാസിലെ രാത്രികാല കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ പൊലീസ് സര്‍വകക്ഷി യോഗം വിളിച്ചു. മെഡിക്കല്‍ കോളേജ് എസിപിയുടെ നേതൃത്വത്തിലാണ് യോഗം. തര്‍ക്കം തുടങ്ങി അഞ്ചാം ദിവസമാണ് പൊലീസ് സര്‍വകക്ഷിയോഗം വിളിക്കുന്നത്.
ഇന്നലെ രാത്രി ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചിനു പിന്നാലെ പ്രവര്‍ത്തകര്‍ കടകള്‍ അടിച്ചു തകര്‍ത്തിരുന്നു. കച്ചവടക്കാര്‍ തങ്ങളുടെ പ്രവര്‍ത്തകനെ മര്‍ദിച്ചെന്നാരോപിച്ച് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധത്തിനൊടുവിലാണ് കടകള്‍ അടിച്ചു തകര്‍ത്തത്.
രാത്രി ഒമ്പതോടെ പ്രതിഷേധവുമായി രംഗത്തെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കട അടിച്ചുതകര്‍ക്കുകയായിരുന്നു. കടയിലെ ഭൂരിഭാഗം സാധനങ്ങളും ഇവര്‍ നശിപ്പിച്ചു. പൊലീസ് സാന്നിധ്യത്തിലായിരുന്നു അക്രമം. കടകള്‍ രാത്രി തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ ഇതുവരെ പൊലീസ് യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞദിവസങ്ങളില്‍ ഒരു വിഭാഗം നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കടകളിലെത്തുന്നവര്‍ ലഹരിയുപയോഗിച്ച് സമീപത്തെ വീട്ടുകാരെ ശല്യപ്പെടുത്തുന്നു എന്നാണ് നാട്ടുകാരുടെ പരാതി. പ്രദേശത്ത് പൊലീസ് നിരീക്ഷണമില്ലെന്നും നാട്ടുകാര്‍ പറയുന്നു. സിസിടിവികളോ വഴിവിളക്കുകളോ ഇവിടെയില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.