കൊച്ചി: മോഹന്‍ലാലിന്റെ ലഫ്.കേണല്‍ പദവി തിരികെയെടുക്കണമെന്ന് ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം സി.രഘുനാഥ്. മോഹന്‍ലാല്‍ അറിയാതെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങള്‍ സിനിമയില്‍ വരില്ലെന്ന് രഘുനാഥ് പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാറിന്റെ ഭാഗമായി നില്‍ക്കുന്ന ആളാണ് മോഹന്‍ലാല്‍. ബി.ജെ.പി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ഇടപെടല്‍ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റിലീസായി 48 മണിക്കൂര്‍ പിന്നിടുന്നതിനു മുമ്പ് ആഗോള ബോക്‌സോഫീസില്‍നിന്ന് 100 കോടി കലക്ഷന്‍ സ്വന്തമാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ ചരിത്രം കുറിച്ചിരുന്നു. ചിത്രത്തിന്റെ അസാധാരണ വിജയത്തിന്റെ ഭാഗമായ എല്ലാവരെയും നന്ദി അറിയിച്ച് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു. പ്രേക്ഷകരുടെ സ്‌നേഹവും പിന്തുണയുമാണ് ചിത്രത്തിന്റെ വിജയം സാധ്യമാക്കിയതെന്നും താരം കുറിപ്പില്‍ പറയുന്നു.
മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും തകര്‍ത്തഭിനയിച്ച ചിത്രം, ആഗോള ബോക്‌സോഫീസില്‍ ഏറ്റവും കൂടുതല്‍ ആദ്യദിന കലക്ഷന്‍ നേടിയ മലയാള ചിത്രമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. 65 കോടി രൂപയിലേറെയാണ് ആദ്യദിന കലക്ഷന്‍. കേരളത്തിലും ഏറ്റവും വലിയ ഓപണിങ് കലക്ഷന്‍ എമ്പുരാന് തന്നെയാണ്. തമിഴ് സൂപ്പര്‍ താരം വിജയ് യുടെ ‘ലിയോ’ നേടിയ 12 കോടി മറികടന്ന്, 15 കോടിയിലാണ് ആദ്യ ദിന കലക്ഷനെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.