മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശർമ ഒരു കാലത്ത് ക്രിക്കറ്റ് കിറ്റു വാങ്ങാൻ പണമുണ്ടാക്കുന്നതിന് പാൽ വിൽപനയ്ക്കു പോയിട്ടുണ്ടെന്ന് മുൻ ഇന്ത്യന്‍ താരം പ്രഖ്യാൻ ഓജ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസണിൽ ഡക്കാൻ ചാർജേഴ്സിൽ രോഹിതും ഓജയും ഒരുമിച്ചു കളിച്ചിട്ടുണ്ട്.പിന്നീട് ഇന്ത്യൻ ടീമിലും ഇരുവരും സഹതാരങ്ങളായിരുന്നു.
‘‘അണ്ടർ 15 ക്യാംപിൽവച്ചാണ് രോഹിത് ശര്‍മയെ ആദ്യമായി കണ്ടുമുട്ടുന്നത്. ഞാൻ രോഹിത് ശർമയ്ക്കെതിരെ കളിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. അധികം സംസാരിക്കില്ല, പക്ഷേ ബാറ്റിങ് അഗ്രസീവാണ്.’’–ജിയോ സിനിമയ്ക്കു നൽകിയ അഭിമുഖത്തൽ ഓജ പറഞ്ഞു. ‘രോഹിത് ഒരു സാധാരണ ബോംബെക്കാരനാണ്. ഒരു മധ്യവർഗ കുടുംബത്തിലെ അംഗം. രോഹിത് ക്രിക്കറ്റ് കിങ്ങ് വാങ്ങാൻ പണമുണ്ടാക്കിയത് എങ്ങനെയെന്ന് ഒരിക്കൽ ചർച്ച ചെയ്തിരുന്നു. അതിനായി അദ്ദേഹം പാൽ പാക്കറ്റുകൾ വിതരണം ചെയ്തിരുന്നു. തീർച്ചയായും അതു വളരെ മുൻപു നടന്നൊരു കാര്യമാണ്. അങ്ങനെയാണ് അദ്ദേഹം ക്രിക്കറ്റ് കിറ്റ് വാങ്ങിയതെന്ന ഓജ പറഞ്ഞു.

