ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിക്കല്‍ നില്‍ക്കുന്ന കര്‍ണാടകയില്‍ സംവരണം സംബന്ധിച്ചു വിവിധ സമുദായങ്ങളുടെ പ്രതിഷേധങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കു പടര്‍ന്നതോടെ ബസവരാജ് ബൊമ്മെ നയിക്കുന്ന ബിജെപി സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍.
പട്ടികജാതി വിഭാഗമായ ബഞ്ചാരകളുടെ പ്രതിഷേധം കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിച്ചതോടെ മൂന്നുദിവസത്തിനകം പ്രശ്നപരിഹാരമെന്ന വാഗ്ദാനവുമായി മുതിര്‍ന്ന ബിജെപി നേതാവ് ബി.എസ്.യെഡിയൂരപ്പ രംഗത്തെത്തി.
മുതിര്‍ന്ന ബിജെപി നേതാവ് ബി.എസ്.യെഡിയൂരപ്പയുടെ ശിവമൊഗ്ഗ ശിക്കാരിപുരയിലെ വീടാക്രമിച്ചു തുടങ്ങിയ പ്രതിഷേധങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിച്ചു.ശിക്കാരിപുര–ശിവമൊഗ്ഗ ഹൈവേ ഉപരോധിച്ച ബഞ്ചാര സമുദായ അംഗങ്ങള്‍ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. ഇപ്പോഴത്തെ സമരങ്ങള്‍ യെഡിയൂരപ്പയെ ഒതുക്കാന്‍ ബിജെപിക്ക് അകത്തു നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന്കോണ്‍ഗ്രസ് ആരോപിച്ചു.