പത്തനംതിട്ടയില്‍ സിപിഐ നേതാക്കളെ സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ ജില്ലാ നേതൃത്വങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തി. ചർച്ചയിൽ കുറ്റക്കാര്‍ക്കെതിരെ സംഘടനാപരമായും നിയമപരമായുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു വ്യക്തമാക്കി. സിപിഐഎമ്മിന്റെ ഉറപ്പ് വിശ്വസിക്കുന്നു എന്നായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി എപി ജയന്റെ പ്രതികരണം.
ജനുവരി 16 ഞായറാഴ്ച്ചയായിരുന്നു ആക്രമണം അരങ്ങേറിയത്. സിപിഐ അങ്ങാടിക്കല്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബു മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പര്‍ ഉദയന്‍ എന്നിവരെ സിപിഐഎം പ്രവര്‍ത്തകര്‍ നടുറോഡിലിട്ട് അതിക്രൂരമായി മർദ്ദിച്ച് ദൃശ്യങ്ങള്‍ പുറത്തുവിട്ടു. . സംഭവത്തില്‍ സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ മാത്രം ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് ഏകപക്ഷീയമായാണ് നടപടി സ്വീകരിച്ചതെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. സിപിഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അടൂര്‍ ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ ഇന്നലെ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.

