ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 139-ാം സ്ഥാപകദിനം വിപുലമായ പരിപാടികളോടെ സംസ്ഥാനത്ത് ആഘോഷിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കണ്ണൂര്‍ ഡിസിസിയില്‍ പാതക ഉയര്‍ത്തി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യം ഭരിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടം കോണ്‍ഗ്രസിനെ തമസ്‌കരിച്ച് ചരിത്രം ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍,നാടിന്റെ ഐക്യവും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന്റെ അസ്തിത്വം അരക്കിട്ട് ഉറപ്പിക്കേണ്ടതുണ്ടെന്ന് ജന്മദിന സന്ദേശത്തില്‍ കെ.സുധാകരന്‍ പറഞ്ഞു. ഈ പോരാട്ടത്തിന് എല്ലാ ജനാധിപത്യ മതേതര വിശ്വാസികളുടെയും പിന്തുണ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കെപിസിസി ആസ്ഥാനത്ത് സേവാദള്‍ വാളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി പതാക ഉയര്‍ത്തി. രാജ്യത്തെ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും കോണ്‍ഗ്രസ് കൂടുതല്‍ കരുത്താര്‍ജ്ജിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇല്ലെങ്കില്‍ രാജ്യം മഹാവിപത്തിലേക്ക് പോകുമെന്നും എ.കെ.ആന്റണി അഭിപ്രായപ്പെട്ടു. ഭരണഘടനാ മൂല്യങ്ങള്‍ ആക്രമിക്കപ്പെടുകയും ജനാധിപത്യം പിച്ചിചീന്തിപ്പെടുകയും ചെയ്യുന്ന കാലഘട്ടമാണിത്. മോദി ഭരണ കൂടം ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ കാത്തിരിക്കുന്നത് മഹാദുരന്തമാണ്. അതിന് തടയിടുക എന്നതാണ് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ നീതിക്കായി നിരന്തരം പോരാട്ടം നടത്തിയത് കോണ്‍ഗ്രസാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റേത് വര്‍ഗീയ-ഫാസിസ്റ്റ് വിരുദ്ധമുഖമാണ്. രാജ്യത്തിന്റെ പവിത്രമായ പാരമ്പര്യത്തേയും ജനാധിപത്യത്തേയും മോദി ഭരണകൂടം കശാപ്പ് ചെയ്യുന്നു. ബിജെപിയുടെ അപകടകരമായ തീവ്രവര്‍ഗീയ ദേശീയതയെ തുറന്ന് കാട്ടുകയാണ് കോണ്‍ഗ്രസിന്റെ ചരിത്രപരമായ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ ഡോ.ശശി തരൂര്‍ എംപിയും കൊടിക്കുന്നില്‍ സുരേഷ് എംപിയും ആശംസാ പ്രസംഗം നടത്തി. കെപിസിസി വൈസ് പ്രസിഡന്റ് എന്‍.ശക്തന്‍,ജനറല്‍ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണ്‍,ജിഎസ് ബാബു,ജി.സുബോധന്‍,കെ.പി.ശ്രീകുമാര്‍,ഡിസിസി പ്രസിഡന്റ് പാലോട് രവി, സേവാദള്‍ സംസ്ഥാന പ്രസിഡന്റ് രമേശന്‍ കരുവാച്ചേരി, ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.83 -ാം പിറന്നാള്‍ ആഘോഷിക്കുന്ന എകെ ആന്റണിക്ക് നേതാക്കള്‍ ജന്മദിന ആശംസ നേര്‍ന്നു. കോണ്‍ഗ്രസ് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ കേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുറിച്ച് നേതാക്കള്‍ക്ക് മധുരം നല്‍കി.
പാര്‍ട്ടി ജില്ലാ ആസ്ഥാനങ്ങളിലും ബ്ലോക്ക്,മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളിലും പാര്‍ട്ടി നിയന്ത്രണത്തിലുള്ള മുഴുവന്‍ കൊടിമരങ്ങളിലും ബൂത്ത് കമ്മിറ്റികളിലും ചര്‍ക്കാങ്കിതമായ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. ഡിസിസികളുടെയും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജന്മദിന സമ്മേളനങ്ങളും റാലികളും സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനികളെയും അവരുടെ പിന്‍തലമുറക്കാരെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും ആദരിച്ചു. ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നേതാക്കള്‍ ഭവന സന്ദര്‍ശനം നടത്തുകയും ചെയ്തു.