യുഡിഎഫ് ഭരണമുറപ്പിച്ച തൊടുപുഴ നഗരസഭയില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം നേടാനായില്ല. യുഡിഎഫ് വിമതന്‍ സനീഷ് ജോര്‍ജ്ജിനെ എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് ഭരണമുറപ്പിച്ച നഗരസഭയില്‍ യുഡിഎഫിന് തിരിച്ചടിയായത്. യുഡിഎഫ് സ്വതന്ത്ര ജെസി ജോണിയും കൂടി എല്‍ഡിഎഫിനെ പിന്തുണച്ചതോടെയാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതായത്. ഇനി ബിജെപി സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കി ഒരു വട്ടം കൂടി വോട്ടെടുപ്പ് നടത്തും.
ഇന്നലെ രാത്രി നടത്തിയ ചര്‍ച്ചകളാണ് യുഡിഎഫില്‍ ഭരണം തട്ടിയെടുത്തത്. 35 അംഗ നഗരസഭയില്‍ 13 സീറ്റായിരുന്നു യുഡിഎഫിന് കിട്ടിയത്, 12 സീറ്റില്‍ എല്‍ഡിഎഫും, 8 സീറ്റ് ബിജെപിയുമാണ് ജയിച്ചത്. രണ്ട് വിമതരും. ഇതില്‍ നിസ സക്കീര്‍ എന്ന വിമത സ്ഥാനാര്‍ത്ഥിയുടെ പിന്തുണ കിട്ടിയതോടെ 14 സീറ്റുമായി അധികാരം പിടിക്കാമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പിന്തുണ പ്രഖ്യാപിക്കാതിരുന്ന സനീഷ് ജോര്‍ജ്ജിനെ അപ്രതീക്ഷിത നീക്കത്തിലൂടെ എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കി. യുഡിഎഫ് സ്വതന്ത്ര ജെസി ജോണിനെയും കൂടി മറുകണ്ടം ചാടിച്ച് എല്‍ഡിഎഫ് നടത്തിയ നീക്കം നിര്‍ണ്ണായകമായി. പുതിയ സാഹചര്യത്തില്‍ യുഡിഎഫിന് 12 പേരുടെ പിന്തുണയും എല്‍ഡിഎഫിന് 14 പേരുടെ പിന്തുണയുമാണ് ഉള്ളത്.
എറ്റവും വലിയ ഒറ്റകക്ഷിയായ മുസ്ലീം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും എതിര്‍പ്പ് മറികടന്ന് ചെയര്‍മാന്‍ സ്ഥാനം വാങ്ങിയ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

