മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും ഒഴിവാക്കി. മലപ്പുറം ജില്ലയില്‍ നടക്കുന്ന യോഗത്തിലേക്ക് ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ നേതാക്കളെ ഇതുവരെ ക്ഷണിച്ചിട്ടില്ല. ജില്ലയിലെ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളെയെല്ലാം കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട്.
അതേസമയം, ലീഗിന്റെ സ്വാധീന മേഖലയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി എത്തുമ്പോള്‍ പുതിയ രാഷ്ട്രീയസമവാക്യങ്ങള്‍ രൂപപ്പെടുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. സര്‍ക്കാരിന് സമസ്ത പ്രഖ്യാപിച്ച പിന്തുണ തെരഞ്ഞെടുപ്പ് കാലത്ത്് മുസ്ലീം ലീഗിനെ ആശങ്കയിലാക്കുന്നുണ്ട്. യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ പരസ്യമായ എതിര്‍പ്പുമായി സമസ്ത രംഗത്തെത്തിയതും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രത്തിലെത്തുന്നത്്. കോഴിക്കോട്ടെ ജമാഅത്തെ ഇസ്ലാമി ബഹിഷ്‌ക്കരണത്തെ പിന്തുണച്ച സമസ്ത, ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചാല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ എതിര്‍ക്കുമെന്നും വ്യക്തമാക്കിയിരുന്നു.