നാടാകെ ഓത്തുപള്ളികൾ സജീവമായിരുന്ന കാലം, അന്ന് കുട്ട്യേമി മുസ്ലിയാർക്ക് തോന്നിയ ആശയമാണ് കുന്ദമംഗലം മാപ്പിള സ്കൂൾ. കുന്ദമംഗലത്തുകാർക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിൽ സുപ്രധാന പങ്കുവെച്ച ഈ വിദ്യലയം നവതിയുടെ നിറവിലാണ്. 1933ൽ കുന്ദമംഗലം മാപ്പിള സ്കൂൾ എന്ന പേരിലാണ് വിദ്യാലയം സ്ഥാപിതമായത്. കുന്ദമംഗലം വയനാട് റോഡിലെ സുന്നി പളളിയോട് ചേർന്ന സ്ഥലത്തിന് തൊട്ടാ യിരുന്നു അന്ന് സ്കൂൾ കെട്ടിടം. ഓത്ത് പള്ളികൾക്ക് സ്കൂൾ അനുവദിച്ചോതോടേയാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്. നാട്ടുകാർ കുട്ടികളെ സ്കൂളിൽ ചേർത്തു തുടങ്ങിയതോടെ സ്കൂളിന്റെ പ്രവർത്തനത്തിന് പൂർണ പിന്തുണയുമായി ഭൂപതിമൊയ്തീൻ ഹാജി,പ്രതിഫലം ഒന്നും വാങ്ങാതെ ഭൂപതിഅബൂബക്കർ ഹാജിഅവിടെ അധ്യാപകനായെത്തിയതും ഈ സംരഭത്തിന്റെ വളർച്ചയ്ക്ക് അന്ന് മുതൽക്കൂട്ടായി. ഒരു രൂപ പ്രതിഫലം വാങ്ങാതെയായിരുന്നു സേവനം. ദാമോദരൻമാസ്റ്റർ, ഗോപാലൻ മാസ്റ്റർ, പത്മനാഭൻമാസ്റ്റർ,കുട്ടിപ്പെരവൻമാസ്റ്റർ, നാരായണിടീച്ചർ, പാൽച്ചുവട്ടിൽമറിയടീച്ചർ,ഹസൻ കോയ മാസ്റ്റർ, മൂസ്സത് മാസ്റ്റർ, അബൂബക്കർ മാസ്റ്റർ പന്നൂർ, സരസ ടീച്ചർ, വത്സലടീച്ചർ, അലി മാസ്റ്റർ, എം.പി അബൂബക്കർ മാസ്റ്റർ, രാജു മോഹൻ മാസ്റ്റർ, റോസി ടീച്ചർ,തുടങ്ങി ഒട്ടനവധി പേർ അക്കാലത്ത് അധ്യാപകരായി എത്തി . തുടക്കത്തിൽ ഒന്നാ ക്ലാസുമുതൽ നാലാം ക്ലാസുവരെയായിരുന്ന ക്ലാസുകൾ പിന്നീട് അഞ്ചാം തരെ ഉയർന്നു. ഭൂപതി മൊയ്തീൻ ഹാജി ഉൾപ്പടെയുള്ളവരാണ് സ്കൂൾ നവീകരണത്തിന് മുൻ കൈ എടുത്തത്. പിന്നീട് സർക്കാർ ഏറ്റെടുത്തതോടെ കുന്ദമംഗലം എയ്ഡഡ് മാപ്പിള എൽപി സ്കൂളായി. എൽപി തലം നാല് വരെയാക്കി സർക്കാർ തീരുമാനം എടുത്തതോടെയാണ് അഞ്ചാം ക്ലാസ് ഒഴിവാക്കുകയായിരുന്നു. കുന്ദമംഗലത്തിന് അക്ഷര വെളിച്ചം നൽകിയ വിദ്യാലയത്തിന്റെ നവതി കേമമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. ഡിസംബർ 2 മുതൽ ജനുവരി 31 വരെ സ്കൂളിൽ വിവിധ പരിപാടികളോടെയാണ് നവതി ആഘോഷം. കെ.എം.സി.ടി ആശുപത്രിയുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പോടു കൂടി ആഘോഷ പരിപാടികൾ തുടങ്ങും. ഇതിനായി 101 അംഗ സ്വാഗതസംഘ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.സ്വാഗതസംഘ കമ്മിറ്റി രൂപവത്കരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. പി ടിഎ പ്രസിഡണ്ട് കെ.കെ. ഷമീൽ അധ്യക്ഷത വഹിച്ചു. പി.കെ. ബാപ്പു ഹാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ.സി. നൗഷാദ്, ഫാത്തിമ ജെസ്‌ലിൻ, നജീബ് പാലക്കൽ, സഹായസമിതി കൺവീനർ സക്കീർ ഹുസൈൻ, പി.ടി.എ വൈസ് പ്രസിഡന്റ് സലാം, എൻ.എം. യൂസഫ്, ഉമ്മർ, ഡോ. ത്വൽഹത്, സി. ജോൺ, കെ.ടി.ബഷീർ, അബൂബക്കർ, മുഹമ്മദ് നസീം, അധ്യാപകരായ ഷാജു ,മുജീബുദീൻ തുടങ്ങി പി.ടിഎ, എം.പി.ടി.എ, അധ്യാപകർ, പൂർവ്വ വിദ്യാർഥികൾ തുടങ്ങിയവർ സംബന്ധിച്ചു. പ്രധാനാധ്യാപിക നദീറ സ്വാഗതം പറഞ്ഞു.