കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ കാണാതായിട്ട് 15 മണിക്കൂർ പിന്നിട്ടു. സംശയത്തിന്റെ അടിസ്ഥാനത്തിൽ 3 പേരെ കസ്റ്റഡിയിലെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി.തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തു പൊലീസ് പരിശോധന നടത്തിയിരുന്നു. ശ്രീകണ്ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്‍ററിലാണ് പൊലീസ് പരിശോധന നടത്തിയത്. അതേസമയം കാര്‍ വാഷിംഗ് സെന്‍ററില്‍ നിന്ന് നോട്ട് കെട്ടുകള്‍ പിടിച്ചെടുത്തെന്ന് സ്ഥലത്തെ കൗണ്‍സിലര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തില്‍ കുട്ടി എവിടെയാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ദക്ഷിണ മേഖല ഐജി സ്പര്‍ജന്‍ കുമാര്‍.ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചു അബിഗേൽ സാറ എന്ന കുട്ടിയെ വെള്ള കാറിലെത്തിയ അജ്ഞാതസംഘം കടത്തിക്കൊണ്ടുപോയത്. സംസ്ഥാനത്തൊട്ടാകെയും കൊല്ലം ജില്ലയുടെ ഉൾപ്രദേശങ്ങളിലും നടത്തിയ വിശദമായ പരിശോധനയിലും കുട്ടിയെ കണ്ടെത്താനായില്ല. അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇയാളെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും സൈബര്‍ പരിശോധനകള്‍ക്കുമെല്ലാമായി വിവിധ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. എത്രയും വേഗം കുട്ടിയെ കണ്ടുപിടിക്കാനാണ് ശ്രമം. കുട്ടിയെ തട്ടിക്കൊണ്ടുപോയ വെള്ളക്കാറിന്‍റെ നമ്പര്‍ വ്യാജമാണെന്നും സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽപ്പെട്ട ഒരു പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. പാരിപ്പള്ളിയിലെ കടയിലെത്തിയ ആളുടെ രേഖാചിത്രമാണ് പുറത്തുവിട്ടത്. സംഘം 10 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺ വിളിച്ചിരുന്നു. രാവിലെ 10 മണിക്കകം പണം തയ്യാറാക്കി വയ്ക്കണമെന്ന് ആണ് വിളിച്ച സ്ത്രീ ആവശ്യപ്പെട്ടത്.കാണാതായ കുട്ടിയേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസ് കൺട്രോൾ റൂം നമ്പറായ 112-ൽ അറിയിക്കണം. 9946923282, 9495578999 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.