കരൂരിൽ ടിവികെ റാലിയ്ക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരണമടഞ്ഞ സംഭവത്തിൽ ടിവികെ അധ്യക്ഷൻ ദളപതി വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് തമിഴ് നടി ഓവിയ. സംഭവത്തിൽ പ്രതിഷേധിച്ച് ഇൻസ്റ്റാഗ്രാം സ്‌റ്റോറിൽ ‘അറസ്റ്റ് വിജയ്’ എന്ന് നടി എഴുതി. എന്നാൽ മണിക്കൂറുകൾക്കകം നടി സ്റ്റോറി ഡിലീറ്റ് ചെയ്തു. കരൂർ ദുരന്തത്തിൽ പ്രതിഷേധിച്ച് #arrestvijay എന്ന ഹാഷ്ടാഗ് എക്‌സിൽ ട്രെൻഡിങ് ആയിരുന്നു.
അറസ്റ്റ് ആഹ്വാനം പിൻവലിച്ചുവെങ്കിലും പുലർച്ചെ തന്നെ ഓവിയ, സംഭവത്തിൽ തന്റെ പ്രതിഷേധ സ്വരമെന്ന പോലെ ഒരു ഉദ്ധരണി സ്‌റ്റോറിൽ പങ്കുവെച്ചു. “ജ്ഞാനികൾക്ക് ജീവിതം ഒരു സ്വപ്നമാണ്, അത് വിഡ്ഢികൾക്ക് ഒരു കളിയാണ്, ധനികർക്ക് അതൊരു തമാശയാണ്, എന്നാൽ പാവപ്പെട്ടവനാവട്ടെ ഒരു ദുരന്തവും” റാലിയിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കുമുള്ള ഐക്യദാർഢ്യമാണ് ഓവിയ പങ്കുവെച്ച വാക്കുകൾ.

