ന്യൂദല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രനടപടിയ്ക്കുശേഷം ജമ്മുകശ്മീരില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ യൂസഫ് തരിഗാമിയെ കാണാന്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി. കേന്ദ്രസര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളിയാണ് സുപ്രീം കോടതി യെച്ചൂരിക്ക് തരിഗാമിയെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്.രാജ്യത്തെ ഒരു പൗരന് സ്വന്തം സഹപ്രവര്‍ത്തകനെ കാണാന്‍ അവകാശമുണ്ടെന്ന് പറഞ്ഞാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളിയത്.
എന്നാല്‍ ഇതൊരു രാഷ്ട്രീയ സന്ദര്‍ശനം ആകരുത് എന്നും തരിഗാമിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ മാത്രമാണ് അനുമതിയെന്നും കോടതി നിര്‍ദേശം നല്‍കി. നേരത്തെ തരിഗാമിയെ കാണാനില്ലെന്ന് ആരോപിച്ച് സി.പി.ഐ.എം സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയിരുന്നു. എന്നാല്‍ തരിഗാമി സുരക്ഷിതനാണെന്നും യാതൊരു ആരോഗ്യ പ്രശ്നവുമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.