കോഴിക്കോട് : കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിൽ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് നടത്തിയ ആന്റിജൻ പരിശോധനയിൽ രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ച കാരന്തൂർ സ്വദേശിയുടെ ബന്ധുക്കൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കരിക്കാംകൊളത്ത് സ്വദേശികളായ റുഖിയാബിയും മകൾ ഷാഹിദയും കോവിഡ് ബാധിച്ച് മരണപ്പെടുന്നത്. തൊട്ടടുത്ത ദിവസം തന്നെ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇവരുടെ ബന്ധുവായ കാരന്തൂർ പാറക്കടവ് വാടകവീട്ടിലെ താമസിക്കുന്ന മുഹമ്മദാലിയും മരണപ്പെട്ടിരുന്നു എന്നാൽ ഇദ്ദേഹത്തിന്റെ പരിശോധന ഫലം പുറത്ത് വന്നിട്ടില്ല. ഫലം വരാനിരിക്കെയാണ് ഇദ്ദേഹത്തിന്റെ കുടുംബത്തിലെ രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചത്.
ഗ്രാമ പഞ്ചായത്തിനു കീഴിൽ രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 147 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രണ്ടാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ തുടർന്നുള്ള പരിശോധനയ്ക്ക് വിധേയമാക്കും.
രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്ടാക്ടിൽ ഉള്ളവരെയാണ് ഇന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. പതിമംഗലത്തെ ചില വാർഡുകളിലും, കാരന്തൂരിലെ ഇരുപത്തിയൊന്നാം വാർഡിലും കഴിഞ്ഞ ദിവസങ്ങളിൽ ജില്ലാ ഭരണകൂടം കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞദിവസം കുന്ദമംഗലം പഞ്ചായത്തിലെ ഒന്നാം വാർഡിൽ 6 പേർക്കും, പതിനൊന്നാം വാർഡിലും, പതിമൂന്നാം വാർഡിലും ഓരോ കേസ്സുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

