മലപ്പുറം: ജില്ലയുടെ പലഭാഗത്തും കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍, വൈറസ് പരിശോധന നടത്തുന്നതിനും ക്വാറന്റൈൻ സെന്ററുകളിലും ഹോസ്പിറ്റലുകളിലും ഉപയോഗിക്കുന്നതിനുമായി രണ്ടായിരം പി.പി.ഇ കിറ്റുകള്‍ ജില്ലാ ആരോഗ്യ വകുപ്പിന് കൈമാറി പി കെ കുഞ്ഞാലിക്കുട്ടി എം പി.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ കൊണ്ടോട്ടി, മലപ്പുറം, ചേലേമ്പ്ര, പെരുവള്ളൂര്‍, വള്ളിക്കുന്ന് മേഖലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പി പി ഇ കിറ്റുകൾ കൈമാറിയത്.
കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനും
കൂടുതല്‍ മേഖലയിലേക്ക് രോഗം പടരുന്നതിലുള്ള ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുമായി പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നടപടികൾ സ്വീകരിക്കണമെന്നു ജില്ലാ കലക്ടറോടും, ജില്ലാ മെഡിക്കല്‍ ഓഫീസറോടും കഴിഞ്ഞ ദിവസങ്ങളിൽ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി. പരിശോധന വൈകുന്നതിലുള്ള പ്രധാന കാരണമായി ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടിയത് പി.പി.ഇ കിറ്റിന്റെ ലഭ്യതകുറവായിരുന്നുവെന്നും . ക്വാറന്റൈൻ സെന്ററുകളിലും ആശുപത്രികളിലും പി.പി.ഇ കിറ്റിന്റെ കുറവ് മൂലമുള്ള അപകടസാധ്യതകളെക്കുറിച്ച് അധികൃതര്‍ സൂചിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ദുരവസ്ഥയെ മറികടക്കാനാണ് അടിയന്തിരമായി കിറ്റുകള്‍ കൈമാറിയതെന്ന് എം പി വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിന്റെ പ്രാരംഭഘട്ടത്തില്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ആശുപത്രികള്‍ക്ക്, എം പി ഫണ്ടിൽ നിന്നും ഒരു കോടി രൂപ ഇദ്ദേഹം കൈമാറിയിരുന്നു. രാജ്യത്ത് എം.പി ഫണ്ട് ഉള്‍പ്പെടെ വെട്ടികുറച്ച സാഹചര്യത്തിൽ ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധിഘട്ടങ്ങളെ അതിജീവിക്കാന്‍ ചെറിയ അളവിലെങ്കിലും ഇത് സഹായിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു .