കൊല്‍ക്കത്ത: പശ്ചിമ ബംഗാളിനെ ഞെട്ടിച്ച കൂട്ടബലാത്സംഗക്കേസില്‍ സൗത്ത് കൊല്‍ക്കത്ത ലോ കോളജ് സെക്യൂരിറ്റി ഗാര്‍ഡിനെ അറസ്റ്റ് ചെയ്തു. സെക്യൂരിറ്റി ജീവനക്കാരനായ പിനാകി ബാനര്‍ജിയെ(55) ആണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന നാലാമത്തെ വ്യക്തിയാണ് ഇയാള്‍. ശനിയാഴ്ചയാണ് ഇയാള്‍ അറസ്റ്റിലായത്. കുറ്റകൃത്യത്തിന് കൂട്ടുനിന്നുവെന്നാരോപിച്ചാണ് ഇയാളെ പ്രതിചേര്‍ത്തത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ തന്റെ മുറിപോലും വിട്ടുകൊടുത്ത പിനാകി, കോളജിന്റെ ഗേറ്റ് പൂട്ടി പുറത്ത് കാത്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കോളജിലെ സെക്യൂരിറ്റി ഗാര്‍ഡിന്റെ മുറിയില്‍ വെച്ച് മൂന്നുപേര്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് ഒന്നാംവര്‍ഷ നിയമ ബിരുദ വിദ്യാര്‍ഥിനിയായ 24കാരിയുടെ പരാതി. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചതിനു പിന്നാലെ കേസിലെ ആദ്യ മൂന്നുപ്രതികളെയും കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സെക്യൂരിറ്റി ഗാര്‍ഡ് എന്നയാളെ പുറത്തുപോകാന്‍ ഭീഷണിപ്പെടുത്തിയ ശേഷമാണ് പ്രതികളിലൊരാള്‍ ബലാത്സംഗത്തിന് ഇരയാക്കിയത് എന്നാണ് അതിജീവിതയുടെ പരാതിയിലുള്ളത്. ആ സമയത്ത് മറ്റ് രണ്ടുപേര്‍ സംഭവം നോക്കിനിന്നു. ജൂണ്‍ 15ന് നടന്ന സംഭവം വെള്ളിയാഴ്ചയാണ് പുറത്തറിഞ്ഞത്.
ലോ കോളജിലെ മുന്‍ വിദ്യാര്‍ഥിയായ മനോജ് മിശ്ര(31), നിയമ വിദ്യാര്‍ഥികളായ സായിബ് അഹ്‌മദ്(19), പ്രമിത് മുഖോപാധ്യായ്(20)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ മനോജ് മിശ്ര അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്. ഇയാള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയിലെ അംഗമാണെന്നും പൊലീസ് പറഞ്ഞു.

