ഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേട് പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം. ചെറുപ്പക്കാരുടെ പ്രശ്‌നമാണിതെന്നും വിഷയത്തില്‍ ചര്‍ച്ച വേണമെന്നും രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. പക്ഷേ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവെച്ചു. രാജ്യസഭാ നടപടികള്‍ ഉച്ചവരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.
നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകള്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം നല്‍കിയെങ്കിലും സ്പീക്കര്‍ അത് നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സഭ പ്രഷുബ്ധമായി.
എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ലോക്സഭാ വെബ്‌സൈറ്റില്‍നിന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കാനുള്ള ഓപ്ഷന്‍ ഒഴിവാക്കിയതിന് പിന്നാലെ സ്പീക്കറുടെ ഓഫീസില്‍ നേരിട്ടെത്തി അദ്ദേഹം നോട്ടീസ് നല്‍കുകയായിരുന്നു.