കോഴിക്കോട് : 35 വർഷത്തെ സർവീസിനു ശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറായി വിരമിച്ച ചാത്തമംഗലം സ്വദേശി നാസർ കുരുവച്ചാലിന്റെയും ഭാര്യ ഹസീനയുടെയും ഇളയ മകൾ ഹുനൈൻ കെയും എഞ്ചിനീയർ രംഗത്ത്. നാസറിന്റെ കുടുംബം മുഴുവൻ എഞ്ചിനിയർമാരാണ്. ഇളയ മകൾ ഹുനൈനിന് ഇന്ത്യയിലെ തന്നെ മികച്ച ഇൻസ്റ്റിറ്റ്യുട്ടുകളിൽ നാലാമത് നിൽക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് കോഴിക്കോട് (ഐഐഎം കെ ) യിൽ തന്നെ പ്രവേശനം ലഭ്യമായതോടെ സമ്പൂർണ്ണ എഞ്ചിനിയർ കുടുംബത്തിന് അത് ഇരട്ടി മധുരമായി മാറി. ഇളയ മകളുടെ ഈ നേട്ടത്തിൽ ഏറെ സന്തോഷത്തിലാണ് ഈ കുടുംബം.
നാസർ- ഹസീന ദമ്പതികളുടെ മൂന്നു മക്കളും എഞ്ചിനീയർ മേഖലയിലകളിലാണ്. നാസറിന്റെ ഭാര്യ പിതാവ് കുനിയിൽ അഹമ്മദ് ഹാജിയും ഒരു എഞ്ചിനീയർ ആണെന്നത് കൗതുകമുണർത്തുന്ന കാര്യമാണ്. മൂത്ത മകൾ ലുജൈൻ എം ടെകിന് രണ്ടാം റാങ്കോടു കൂടി പാസ്സായി. ബാംഗ്ലൂരിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തിരുന്നു. ഇവരുടെ ഭർത്താവ് മുഹമ്മദ് റാഫി ഇലക്ട്രിക്ക് എഞ്ചിനീയരാണ്. മൂത്ത മകൻ റമീസ് അബ്ദുള്ള ബി ടെക് സിവിൽ നേടിയെടുത്തു. നിലവിൽ ഇദ്ദേഹവും ഭാര്യ സബീല ഹാരീസ് നീലാംബ്ര ബി.ആർക് ബിരുദധാരിയും ചേർന്ന് സ്വന്തമായി ഒരു സ്ഥാപനം നടത്തുകയാണ്. ഇപ്പോൾ ഇളയ മകൾ കൂടി ഈ പാത പിന്തുടർന്നതോടെ ഒരു എഞ്ചിനീയറിംഗ് കുടുംബമായി നാസറിന്റെ കുടുംബം മാറി.
ഹുനൈൻകെ ബി ടെക്ക് പഠനം തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ പൂർത്തീകരിച്ചു. അവിടെ നിന്നും ക്യാമ്പസ് പ്ലേസ്‌മെന്റിൽ ഊരാലുങ്കൽ യു എൽ സി എസ് എസിന്റെ കീഴിലുള്ള ഐ ടി. കമ്പനിയായ യു എൽ ടി എസിലേക്ക് തിരഞ്ഞെടുത്തു. 8 മാസം ഈ സ്ഥാപനത്തിൽ ജോലി ചെയ്തു. അതോടൊപ്പം CAT പരീക്ഷയ്ക്കുള്ള പഠനവും മറ്റൊരാളുടെ സഹായവുമില്ലാതെ സ്വമേധയ നടത്തി. പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ ഇന്ത്യയിലെ തന്നെ മികച്ച ഇൻസ്റ്റിറ്റ്യുട്ടുകളിൽ നാലാമത് നിൽക്കുന്ന ഐ എ എം കെ യിൽ തന്നെ പ്രവേശനം ലഭ്യമായി. ജമ്മു കാശ്മീർ, വിശാഖപട്ടണം,രായ്പൂർ തുടങ്ങിയ 8 ഓളം വിദ്യാഭ്യാസ കേന്ദ്രത്തിൽ നിന്നും പഠനത്തിനായുള്ള യോഗ്യത ഈ മിടുക്കി നേടിയെങ്കിലും. വീടിനു തൊട്ടടുത്ത ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളിൽ ഒന്ന് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ആഗസ്റ്റ് എട്ടോട് കൂടി ക്ലാസുകൾ ആരംഭിക്കാനിരിക്കെയാണ്.
മക്കളിൽ ആരെയും ഇതുവരെ പിതാവ് എഞ്ചിനീയർ ആകാൻ നിർബന്ധിച്ചിട്ടില്ലായെന്ന് മാത്രമല്ല, മറ്റേതെങ്കിലും മേഖലയിലേക്കെങ്കിലും മാറാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. പക്ഷെ പിതാവിനൊപ്പം നടക്കാനായിരുന്നു മക്കൾക്കിഷ്ടം. എല്ലാവരും തങ്ങളുടെ കഴിവുകൾ തെളിയിച്ചു കഴിഞ്ഞു. ഇനി ഹുനൈനയും ആ പാത പിന്തുടരട്ടെ.