ഒരു മതക്കാരെയും മോശമായി പറയില്ലെന്ന് പി.സി. ജോര്‍ജ്. നിയമം ലംഘിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പൗരനെന്ന നിലയില്‍ ഹൈക്കോടതിയുടെ തീരുമാനം എന്തോ അത് പാലിക്കാന്‍ ബാധ്യതയുണ്ട്. എന്നാല്‍ പറയാനുള്ള കാര്യങ്ങള്‍ പറയുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
മുഖ്യമന്ത്രിയോടു പറയാനുള്ളത് തൃക്കാക്കരയില്‍ പറയും. ക്രിസ്ത്യാനികളെ ബിജെപിക്കാര്‍ വേട്ടയാടിയതായി അറിയില്ല. മോശക്കാരെ മോശക്കാരെന്ന് എല്ലാവരും പറഞ്ഞാല്‍ പ്രശ്‌നം തീരുമെന്നും പി.സി. ജോര്‍ജ് കൂട്ടി ചേര്‍ത്തു.
ജയിലിലേക്ക് റിമാന്‍ഡ് ചെയ്ത് വിട്ട മജിസ്ട്രേറ്റിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സമിതിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ജയിലുകള്‍ക്കായി കുറേ കാര്യങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍, ജയിലിനകത്ത് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായിരുന്നില്ല. ചീഫ് വിപ്പും എംഎല്‍എയുമായിരുന്നു എന്ന നിയമപ്രകാരമുള്ള പരിഗണനയില്‍ ഒറ്റയ്ക്ക് മുറി ലഭിച്ചു. ഇഷ്ടമുള്ള ഭക്ഷണം ലഭിക്കുമായിരുന്നു. എന്നാല്‍ ജയിലില്‍ എല്ലാവര്‍ക്കും കൊടുക്കുന്ന ഭക്ഷണം മതിയെന്നാണു ഞാന്‍ പറഞ്ഞത്. നല്ല ഒന്നാന്തരം ഭക്ഷണമായിരുന്നു. ജയില്‍ അഡൈ്വസറി കമ്മിറ്റി അവിടെ കൂടാറേയില്ല. മരിക്കാറായ ഏഴോളം പേര്‍ അവിടെയുണ്ട്. അവരെ പുറത്തുകൊണ്ടുവരാന്‍ ഇടപെടേണ്ടതാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
മതവിദ്വേഷപ്രസംഗം നടത്തിയ കേസില്‍ കഴിഞ്ഞ ദിവസമാണ് പി സി ജോര്‍ജിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലോ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലോ പ്രസംഗമോ പ്രസ്താവനയോ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.