ദ കേരള സ്റ്റോറി’ എന്ന ചിത്രം പച്ചക്കളളം പ്രദർശിപ്പിക്കുന്ന സിനിമയാണെന്നും അതിനാൽ തന്നെ പ്രദര്‍ശനാനുമതി നൽകരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്ന സിനിമയാണ് കേരള സ്റ്റോറി എന്നും വര്‍ഗീയ വിഷം ചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെപ്രദര്‍ശനത്തിന് അനുമതി നല്‍കരുതെന്ന ആവശ്യം ഉയർന്നു വരികയാണ്
‘സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് സംവിധായകന്‍ സുദിപ്‌തോ സെന്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലുണ്ട്. രാജ്യാന്തരതലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തം. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്. മതസ്പര്‍ധയും ശത്രുതയും വളര്‍ത്താനുള്ള ബോധപൂര്‍വമായ നീക്കത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കും. അതാണ് ഈ നാടിന്റെ പാരമ്പര്യം.’ വി ഡി സതീശന്‍ പറഞ്ഞു.
മനുഷ്യനെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാനുള്ള അങ്ങേയറ്റം ആപത്കരമായ നീക്കത്തിന്റെ അടിവേര് വെട്ടണം. മാനവികത എന്ന വാക്കിന്റെ അര്‍ത്ഥം സംഘ പരിവാറിന് ഒരിക്കലും മനസിലാകില്ലെന്നും വി ഡി സതീശന്‍ കൂട്ടിചേര്‍ത്തു.
കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് വരുത്തുന്ന ചിത്രത്തിനെതിരെ തുടക്കം മുതല്‍ തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളത്തില്‍ നിന്ന് ഒരു യുവതി ഐസിസില്‍ എത്തുന്നതാണ് ട്രെയിലറിന്റെ പ്ലോട്ട്. കഴിഞ്ഞ നവംബറിലാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയത്.