താമരശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച കേസ്; കേസ് ഡയറി കാണാനില്ല, വിചാരണ പ്രതിസന്ധിയിൽ

0
112

കോഴിക്കോട് : കസ്തൂരിരംഗൻ സമരത്തിനിടെ താമരശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച കേസിൻറെ വിചാരണ നടപടികൾ പ്രതിസന്ധിയിൽ. കേസ് ഡയറി കാണാനില്ല. അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് കേസ് ഡയറി കിട്ടിയിട്ടില്ലെന്ന് അഡീഷണൽ ഗവൺമെൻറ് പ്ലീഡർ വിചാരണ കോടതിയെ അറിയിച്ചു. എരഞ്ഞിപ്പാലത്തെ സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയിൽ കേസ് വിചാരണക്കെടുത്തപ്പോഴാണ് കേസ് ഡയറി കാണാതായ വിവരം അറിയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് കേസ് ഡയറി കിട്ടിയിട്ടില്ലെന്ന് അഡീഷണൽ ഗവൺമെൻറ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വക്കറ്റ് കെ. റെയ്ഹാനത്ത് കോടതിയെ അറിയിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനാണ് കേസ് ഡയറിയുടെ സൂക്ഷിപ്പിൻറെ ചുമതല. ഓരോ ദിവസവും കേസ് അന്വേഷിച്ചതിൻറെ വിവരങ്ങളും റിപ്പോർട്ടുകളും ഉൾപ്പെടുന്ന കേസ് ഡയറി കാണാതായതോടെ വിചാരണ പ്രതി സന്ധിയിലായി.അന്വേഷണ ഉദ്യോഗസ്ഥർ,പ്രൊസിക്യൂഷൻ അഭിഭാഷകർ, സാക്ഷി കൾ എന്നിവർക്ക് മൊഴിനൽകാനാകാത്തെ സ്ഥിതിയുമായി. കുറ്റപത്രത്തിൻറേയും അനുബന്ധ രേഖകളുടേയും പകർപ്പ് ആവശ്യപ്പെട്ട് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്. തുടക്കത്തിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ കേസ് ഡയറി കാണാനില്ലെന്ന് കോടതിയിൽ മൊഴി നൽകിയിരുന്നു.പ്രായ പൂർത്തിയാവാത്ത 13 പേർ ഉൾപ്പെടെ 37 പ്രതികളാണ് കേസിലുള്ളത്.

2013 ൽ കസ്തൂരി രംഗൻ റിപ്പോർട്ടിനെ തുടർന്ന നടന്ന സമരത്തിലാണ് താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് നേരെ ആക്രമണം നടന്നത്.എൺപത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായി,സർക്കാർ വാഹനം ഉൾപ്പെടെ തീയിട്ട് നശിപ്പിച്ച കേസാണിത്. ഇതിൻറെ സുപ്രധാന രേഖയാണ് ഇപ്പോൾ കാണാതായിരിക്കുന്നത്. കസ്തൂരിരംഗൻ റിപ്പോർട്ടിനെ തുടർന്ന് താമരശേരി രൂപതയുടെ പിന്തുണയോടെ നടന്ന സമരത്തിനിടെയാണ് അക്രമസംഭവങ്ങൾ ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here