സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 50,000 മുകളിൽ തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒമിക്രോൺ വ്യാപനശേഷി കൂടുതലാണെങ്കിലും ഡെൽറ്റയേ അപേക്ഷിച്ച് തീവ്രമാകില്ല. മൂന്നാം തരംഗത്തിൽ രോഗബാധിതർ കൂടുന്നുണ്ടെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും ഐസിയു വെന്റിലേറ്റർ ഉപയോഗവും കൂടുന്നില്ല . ആക്ടിവ് കേസുകളുടെ 3.6 ശതമാനം മാത്രമാണ് ആശുപത്രിയിൽ. ഐസിയുവിലുള്ള കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഫെബ്രുവരി രണ്ടാം വാരം കൊവിഡ് വ്യാപനം കുറയുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നാലാം ആഴ്ചയിൽ എത്തിയപ്പോൾ കൊവിഡ് വ്യാപനം 74% ആയി കുറഞ്ഞു. കൗമാരക്കാരുടെ വാക്‌സിനേഷൻ 70 % പൂർത്തിയായി.മൂന്നാം തരംഗത്തിലെ പ്രതിരോധം മറ്റ് രണ്ട് തരംഗത്തേക്കാൾ വ്യത്യസ്തമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കൊവിഡിന്റെ മൂന്നാം തരംഗത്തിൽ പ്രതിരോധ തന്ത്രം വ്യത്യസ്തമാണെന്നും മന്ത്രി വിശദീകരിച്ചു. രോഗിയുമായി ബന്ധമുള്ള എല്ലാവർക്കും ഇനി ക്വറന്റീൻ ആവശ്യമില്ല. കൊവിഡ് രോഗിയെ പരിചരിക്കുന്ന ആൾക്ക് മാത്രം ക്വറന്റീൻ മതിയാകും.
മുതിർന്ന പൗരന്മാർ, ഒറ്റയ്ക്ക് കഴിയുന്ന കൊവിഡ് ബന്ധിതരായ സ്ത്രീകൾ എന്നിവർക്ക് പ്രത്യേക പരിചരണത്തിന് നിർദേശം നൽകിയതായും മന്ത്രി വിശദീകരിച്ചു. ഗർഭിണികളുടെ പ്രത്യേക ലിസ്റ്റ് തയ്യാറാക്കും. ആവശ്യമായവർക്ക് പ്രത്യേക പരിചരണം നൽകും. ഇന്ന് വൈകുന്നേരത്തോടെ മെഡിക്കൽ കോളജുകളിൽ കണ്ട്രോൾ റൂമുകൾ സജ്ജമാക്കും. വിരമിച്ച ഡോക്ടർമാരുടെ സേവനം ടെലി മെഡിസിനിൽ ഉപയോഗിമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.