ആലപ്പുഴക്കാരുടെ നാല്‍പ്പതിലേറെ വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആലപ്പുഴ ബൈപ്പാസ് ഇന്ന് ഗതാഗതത്തിനായി തുറക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും, മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. ഗതാഗത കുരുക്കിനാല്‍ വലഞ്ഞ ആലപ്പുഴക്കാരുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പാണ് ഇന്ന് യാഥാര്‍ത്ഥ്യമാകുന്നത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബൈപ്പാസ് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കും. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട പദ്ധതി പൊടി തട്ടിയെടുത്തത് പൊതുമരാമത്ത് ജി സുധാകരനാണ്. റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ അനുമതിക്കായി രണ്ട് വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നിരന്തരം കേന്ദ്രത്തെ സമീപിച്ചു. ഒടുവില്‍ 7.5 ലക്ഷം രൂപ കെട്ടിവെച്ചാണ് അനുമതി നേടിയത്
പിന്നീട് ആലപ്പുഴയുടെ സ്വപ്ന പദ്ധതിക്കായി അതിവേഗത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടന്നത്. 3. 2 കിലോമീറ്റര്‍ റയില്‍വേ മേല്‍പ്പാലവും, 4.8 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേയും ഉള്‍പ്പെടെ 6.8 കിലോമീറ്ററാണ് ബൈപ്പാസ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 174 കോടി രൂപ വീതം ചെലവഴിച്ചു നിര്‍മിച്ച ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിച്ചത്. റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി എന്നിവയാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് അല്‍പ്പം കാലതാമസം വരുത്തിയത്.
ബൈപ്പാസ് നിര്‍മാണത്തിനുള്ള വിഹിതം നല്‍കിയതിനു പുറമേ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് റെയില്‍വേക്ക് കെട്ടിവയ്ക്കാനുള്ള 7 കോടി രൂപ നല്‍കിയതും സംസ്ഥാന സര്‍ക്കാരാണ്.
കടല്‍ തീരത്തോട് ചേര്‍ന്ന് മനോഹരമായ യാത്രാ അനുഭവം ബൈപ്പാസ് സഞ്ചാരികള്‍ക്ക് നല്‍കും. കൊമ്മാടി മുതല്‍ കര്‍കോട് വരെ നീളുന്നതാണ് യാത്ര. ആലപ്പുഴ കളര്‍കോട് ഒരുക്കുന്ന വേദിയില്‍ വെച്ചാണ് ഉദ്ഘാടനം. 344 കോടി രൂപയുടെ പദ്ധതി യഥാര്‍ത്ഥ്യമാകുന്നതോടെ ആലപ്പുഴക്കാരുടെ നീണ്ട കാലത്തെ കാത്തിരിപ്പ് അവസാനിക്കും.