മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തില്‍ സര്‍ക്കാരിന് ആശ്വാസം. ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഭൂമി ഏറ്റെടുക്കലിന് എതിരെയുള്ള എസ്റ്റേറ്റ് ഉടമകളുടെ ഹര്‍ജി കോടതി തള്ളി.ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദേശം നല്‍കി. ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം ഏറ്റെടുക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ടൗണ്‍ഷിപ്പ് ആയി എസ്റ്റേറ്റ് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് സര്‍ക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്ന് നിര്‍ദേശിച്ചു. നഷ്ടപരിഹാരത്തില്‍ തര്‍ക്കം ഉണ്ടെങ്കില്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. എല്‍സ്റ്റണ്‍, ഹാരിസണ്‍ മലയാളം എന്നിവരായിരുന്നു ഹര്‍ജിക്കാര്‍.
ടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടര്‍ ഭൂമി ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കുന്നതിനെതിരെ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കോര്‍പറേഷനും 78.73 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റുമാണ് ഹര്‍ജി നല്‍കിയത്. ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ റദ്ദാക്കണമെന്നാണ് ഹാരിസണ്‍ ആവശ്യപ്പെട്ടിരുന്നത്.