കിഴക്കമ്പലത്ത് പൊലീസിന് നേരെ ഉണ്ടായ ഇതര സംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തിൽ പ്രതികള്‍ക്കെതിരെ വധ ശ്രമം പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള പതിനൊന്ന് ഗുരുതര വകുപ്പുകള്‍ ചുമത്തി. കേസില്‍ ഇതിനോടകം അമ്പത് പേരെ അറസ്റ്റ് ചെയ്തു.ആകെ 156 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ളത്. കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.
രണ്ട് ദിവസത്തിനുള്ളില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടേയും പട്ടിക തയ്യാറാക്കി അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.അക്രമത്തിന്റെ ദൃശ്യങ്ങളും നാട്ടുകാരുടെ മൊഴിയും പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷമായിരിക്കും കൂടുതല്‍ അറസ്റ്റ്. ഇന്നലെ 24 പേരെയാണ് അറസ്റ്റ് ചെയ്തതത്. ഇന്നലെ രാത്രി മുതല്‍ നടത്തിയ തിരച്ചിലിലാണ് 26 പേരെ കൂടി അറസ്റ്റ് ചെയ്തത്.
അക്രമ സംഭവം നടക്കുന്ന സമയത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമുണ്ടായിരുന്നവരും അവരുടെ മൊബൈലുകളില്‍ ദൃശ്യങ്ങളെടുക്കുന്നുണ്ടായിരുന്നു. ഇതും പോലീസ് പരിശോധിക്കും.
അതേസമയം അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ കിറ്റക്സ് കമ്പനിയോട് തൊഴിൽ വകുപ്പ് വിശദീകരണം തേടി. ഇവിടുത്തെ ജീവനക്കാരായ അതിഥി തൊഴിലാളികളാണ് ഒരു പൊലീസുകാരെ ആക്രമിച്ചത്. ഒരു പൊലീസ് ജീപ്പ് കത്തിച്ച തൊഴിലാളികൾ, മറ്റ് രണ്ടെണ്ണം ഭാഗികമായി തകർക്കുകയും ചെയ്തിരുന്നു.
കിറ്റെക്സിൽ തൊഴിൽ വകുപ്പ് വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി കാഞ്ഞങ്ങാട് അറിയിച്ചിരുന്നു. തൊഴിൽ വകുപ്പ് കമ്മീഷണറെ ഇതിനായി ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.