മുക്കം: അഗ്നിരക്ഷാ സേനയ്ക്ക് കീഴില്‍ സന്നദ്ധസേവകരെ ഉള്‍പ്പെടുത്തിയുള്ള ജനകീയ ദുരന്തപ്രതിരോധ സേനയുടെ (സിവില്‍ ഡിഫന്‍സ്) പ്രവർത്തനം മുക്കം ഫയർസ്റ്റേഷനു കീഴിലും ആരംഭിച്ചു.
ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കുക, അപകടങ്ങൾ പരമാവധി കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ആണ് സേന ആരംഭിച്ചത്.
ജോർജ് എം. തോമസ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റേഷൻ ഓഫീസർ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. അസി. ഓഫീസർ വിജയൻ നടു തൊടികയിൽ, സിനീഷ് പെരുവല്ലി പ്രസംഗിച്ചു. ക്ലാസിന് സീനിയർ ഫയർ ഓഫീസർ പയസ് അഗസ്റ്റിൻ, ഫയർ ഓഫീസർ വിജീഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രളയവും മണ്ണിടിച്ചിലും ചുഴലിക്കാറ്റുംപോലുള്ള പ്രകൃതിദുരന്തങ്ങൾ അടിക്കടിയെുണ്ടാകുന്ന പശ്ചാത്തലത്തിലാണ് ജനകീയസേന രൂപവത്‌കരിക്കാൻ സർക്കാർ തീരുമാനിച്ചത്.പ്രകൃതിദുരന്ത മുന്നറിയിപ്പുകൾ ജനങ്ങളിൽ എത്തിക്കുക, ആവശ്യമെങ്കിൽ നടപടികൾ സ്വീകരിക്കാൻ അധികാരികളോട് ആവശ്യപ്പെടുക, ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പോലീസിനും മറ്റു ബന്ധപ്പെട്ട അധികാരികൾക്കും വേഗത്തിൽ അറിയിപ്പ് നൽകുക, രക്ഷാപ്രവർത്തകർ എത്തുന്നതുവരെയുള്ള ഇടവേളയിൽ പ്രാദേശികമായി ചെയ്യാവുന്ന ഒരുക്കങ്ങൾ നടത്തുക, ദുരന്തവേളയിൽ നാട്ടുകാരെ ഒഴിപ്പിക്കാനും ക്യാമ്പുകളിൽ എത്തിക്കാനും അധികാരികളെ സഹായിക്കുക തുടങ്ങിയവയാണ് സിവിൽ ഡിഫൻസ് സേനയുടെ ചുമതലകൾ.
ഒരു ഗ്രൂപ്പിൽ 50 വൊളന്റിയർമാരെന്ന നിലയിൽ 124 ഗ്രൂപ്പുകളിലായി 6200 പേരെയാണു ആദ്യഘട്ടത്തിൽ സേനയുടെ ഭാഗമാക്കുന്നത്. സാധ്യമായ സ്ഥലങ്ങളിലെ യൂണിറ്റുകളിൽ 30 ശതമാനം സ്ത്രീകളായിരിക്കണം. 20 ശതമാനം വൊളന്റിയർമാരെങ്കിലും ഡോക്ടർമാർ, പാരാമെഡിക്കൽ മേഖലയിലുള്ളവർ, എൻജിനിയർമാർ തുടങ്ങിയ വിദഗ്ധ തൊഴിൽ മേഖലകളിൽനിന്നുള്ളവരുമാകണം. തിരഞ്ഞെടുക്കപ്പെടുന്ന സിവിൽ ഡിഫൻസ് വൊളന്റിയർമാർക്ക് അതത് സ്റ്റേഷനുകൾക്ക് പുറമെ ജില്ലാതലത്തിലും സിവിൽ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ടിലും വിയ്യൂർ ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസസ് അക്കാദമിയിലും പരിശീലനം നൽകും. ജില്ലയിലെ ജില്ലാ അഗ്നിരക്ഷാ ഓഫീസർമാരായിരിക്കും വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്ന നോഡൽ ഓഫീസർ.