കുന്ദമംഗലം: പടനിലം പൂനൂര്‍ പുഴയോരത്ത് പുതിയ കെട്ടിടം പൂര്‍ത്തിയായതോടെ പടനിലം ഗവ.എല്‍.പി സ്‌ക്കൂളിലെ കുട്ടികള്‍ക്ക് ഇനി സൗകര്യത്തോടെ പഠിക്കാം. നവംബര്‍ 30നാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം. ഏറെക്കാലമായി വയനാട് ദേശീയപാതയോരത്ത് അസൗകര്യങ്ങളുമായി വീര്‍പ്പുമുട്ടി കഴിയുകയായിരുന്ന കുന്ദമംഗലം പഞ്ചായത്തിലെ ഈ സര്‍ക്കാര്‍ വിദ്യാലയത്തിന് ഇതോടെ ശാപമോക്ഷമാകും.
1954 ല്‍ പടനിലത്തിനടുത്ത് പുള്ളിക്കോത്ത് ഏകാദ്ധ്യാപക വിദ്യാലയമായാണ് സ്‌ക്കൂള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നീട് 1963ല്‍ പടനിലം ദേശീയപാതയോരത്തെ മൂന്നരസെന്റ് സ്ഥലത്തേക്ക് വിദ്യാലയം മാറ്റി. നാല് ക്ലാസ് മുറികളും ഓഫീസും സ്റ്റാഫ് മുറിയുമെല്ലാം ഓട്‌മേഞ്ഞ ചെറിയ ഒറ്റകെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്വന്തമായി സ്ഥലവും സൗകര്യമുള്ള കെട്ടിടം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പഴക്കമേറെയുണ്ട്. 2016ല്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളും നാട്ടുകാരും അദ്ധ്യാപകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതോടെ പുതിയ കെട്ടിടമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുവാന്‍ തുടങ്ങി.
കുന്ദമംഗലം ഗ്രാമ പഞ്ചായത്തും പൂര്‍ണ്ണ പിന്തണയുമായി ഇവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 19 ലക്ഷം രൂപ പഞ്ചായത്ത് നല്‍കി. കുറിക്കല്ല്യാണം നടത്തിയും പിരിവെടുത്തും നാട്ടുകാര്‍ പണം സമാഹരിച്ചു. ഗ്രാമ പഞ്ചായത്ത് നല്‍കിയ ഫണ്ടും പിരിവെടുത്ത പണവുമുപയോഗിച്ച് പൂനൂര്‍ പുഴയോരത്ത് സ്‌ക്കൂളിന് വേണ്ടി 12 സെന്റ് ഭൂമി വിലക്ക് വാങ്ങി. കേരള സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പിടിഎറഹീം എംഎല്‍എ കെട്ടിട നിര്‍മ്മാണത്തിന് 87 ലക്ഷം രൂപയും അനുവദിച്ചു. 2019 ജനുവരി 26 ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വ്വഹിച്ചു. ഹൈടെക് മാതൃകയില്‍ മൂന്ന് നിലകലിലായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തില്‍ വിശാലമായ ആറ് ക്ലാസ് മുറികളും ഓഫീസും കമ്പ്യൂട്ടര്‍ മുറിയും അടുക്കളയും ഒരുക്കിയിട്ടുണ്ട്. സ്‌ക്കൂളിലേക്കുള്ള ഫര്‍ണ്ണീച്ചറുകളും പാത്രങ്ങളും ചുറ്റുമതിലും നാട്ടുകാരുടെ സംഭാവനയാണ്. സ്‌ക്കൂളിലേക്ക് റോഡ് നിര്‍മ്മിക്കുവാന്‍ അഞ്ച് ലക്ഷവും കുടിവെള്ളത്തിന് മൂന്ന് ലക്ഷവും വൈദ്യുതിക്ക് എഴുപത്തിയഞ്ചായിരവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വീണ്ടും നല്‍കി. നവംബര്‍ 30 മുതല്‍ പുതിയ കെട്ടിടത്തിലായിരിക്കും സ്‌ക്കൂള്‍ പ്രവര്‍ത്തിക്കുക.

30 ന് ശനിയാഴ്ച 11 മണിക്ക് മന്ത്രി എ.സി മൊയ്ദീന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പരിപാടിയില്‍ ജില്ല പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് വിവിധ ഉദ്യോഗസ്ഥന്‍മാര്‍, പാര്‍ട്ടി നേതാക്കള്‍, നാട്ടുകാര്‍, വിദ്യാര്‍്തഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്രയും വിവിധ കലാ പരിപാടികളും അരങ്ങേറും.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തില്‍ കുന്ദമംഗലം എംഎല്‍എ പിടിഎ റഹീം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവ്, സെക്രട്ടറി ആബിദ, വികസന കാര്യ ചെയര്‍മാന്‍ ഹിതേഷ് കുമാര്‍, ആരോഗ്യ വകുപ്പ് ചെയര്‍പേര്‍സണ്‍ ടി.കെ സൗദ, വിനോദ് പടനിലം, പിടിഎ പ്രസിഡന്റ് യൂസുഫ് പടനിലം, ഹെഡ്മാസ്റ്റര്‍ സി.കെ സിദ്ധിഖ്, തുടങ്ങിയവര്‍ പങ്കെടുത്തു.

