കോഴിക്കോട് കുന്ദമംഗലം ഭാഗങ്ങളിലായി നേരത്തെ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസുകൾ പുനഃസ്ഥാപിക്കണമെന്ന് ആവിശ്യപ്പെട്ട് പൊതുപ്രവർത്തകൻ എം കെ ഇമ്പിച്ചിക്കോയ, ബാങ്ക് കളക്ഷൻ ഏജന്റ് രാജഗോപാലൻ എന്നിവർ രംഗത്ത്. ദീർഘനാളുകളായി കുന്ദമംഗലത്തിൽ നിന്നും വിവിധ ഭാഗങ്ങളിലേക്ക് പല സമയങ്ങളിലായി സ്ഥിരമായ സർവീസുകൾ ഇല്ലാത്തതിനാൽ യാത്രയ്ക്കായി ബസിനെ ആശ്രയിക്കുന്ന ജനങ്ങൾ ബുദ്ധിമുട്ടിലാണെന്ന് ഇവർ ജനശബ്ദത്തോട് പറഞ്ഞു.
നേരത്തെ കുണ്ടുപറമ്പ്, എം.വി.ആർ, കടലുണ്ടി, യൂണിവേഴ്സിറ്റി, കോഴിക്കോട് ബീച്ച് തുടങ്ങിയ ഭാഗങ്ങളിലേക്ക് കൃത്യമായി സർവീസുകൾ ഉണ്ടായിരുന്നു. കൂടാതെ രണ്ട് ലോ ഫ്ലോർ ബസും സർവീസ് നടത്തിയിരുന്നു. എന്നാൽ ഉദ്യോഗ തലങ്ങളിലുള്ള അനാസ്ഥ കാരണം കുറച്ചു നാളുകളായി നിർത്തിവെച്ചിരിക്കുകയാണ്. കുന്ദമംഗലം റൂട്ട് നോട്ടിഫൈഡ് സെക്ടർ ആയതുകൊണ്ട് തന്നെ നിർബന്ധമായും കെഎസ്ആർടിസി സർവീസ് നടത്തേണ്ടതുണ്ട്. കുന്ദമംഗലം കോഴിക്കോട് കേന്ദ്രീകരിച്ചുകൊണ്ട് ഒരുപാട് ആളുകൾക്ക് ഇത് അത്യാവശ്യമാണെന്നും കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, കോടതി, മെഡിക്കൽ കോളേജ് പരിസരത്തിലൂടെയുള്ള സർവീസുകൾ കുന്ദമംഗലത്തിൽ നിന്നും പുനരാരംഭിക്കാനുള്ള നടപടി ഉദ്യോഗസ്ഥർ ഉടനെ ആരംഭിക്കണമെന്നും ഇരുവരും ആവിശ്യപെട്ടു.
കൂടാതെ രാത്രി സമയങ്ങളിൽ 9.30 ന് ശേഷം കുന്ദമംഗലം, മുക്കം, വയനാട് ഭാഗങ്ങളിലേക്ക് ബസ് സർവീസുകൾ ഒട്ടും ഇല്ല. അതുകൊണ്ട് തന്നെ NIT യിലെ വിദ്യാർത്ഥികൾക്കും മറ്റു രാത്രികാല യാത്രക്കാർക്കും ഈ ഒരവസ്ഥ വിഷമകരമാകുന്നു. പൊതുവിൽ കെ എസ് ആർ ടി സി സ്വിഫ്റ്റിന്റെ വരവോടെ പല ബസുകളും ഇല്ലാതായ ഒരു അവസ്ഥയാണ് നിലനിൽക്കുന്നത്. കെ എസ് ആർ ടി സി പൊതുജന സർവീസ് ആണെന്ന് മനസിലാക്കാതെ സാമ്പത്തിക ലാഭം മാത്രം കണ്ട് സർവീസ് നടത്തുന്ന പ്രവണത കൂടിയാണിതെന്ന് ആരോപിച്ചു.

