കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു. പുലമൺ സ്വദേശി മുകേഷി(34)നാണ് വെടിയേറ്റത്. അഭിഭാഷകന്റെ കുടുംബവും അയൽക്കാരനും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് വെടിയേറ്റത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്.
മുകേഷിന്റെ തോളെല്ലിനാണ് വെടിയേറ്റത്. വെടിയുണ്ട പുറത്തെടുക്കാനുളള ശസ്ത്രക്രിയ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടക്കും. മുകേഷിന്റെ കുടുംബവും അയൽക്കാരനും തമ്മിൽ ഇതിന് മുമ്പും തർക്കമുണ്ടായിട്ടുണ്ട്. മുകേഷിന്റെ മാതാപിതാക്കളെ അയൽക്കാരൻ മർദ്ദിക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിലായ അയൽവാസിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സംഭവസമയം അയൽക്കാരനൊപ്പമുണ്ടായിരുന്ന മറ്റൊരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കേസിൽ പ്രതിയാക്കിയിട്ടില്ല.