മഹാരാഷ്ട്ര : ജോലി കഴിഞ്ഞ് വൈകി മദ്യപിച്ച് വീട്ടിൽ തിരിച്ചെത്തിയ കാമുകിയെ കൊലപ്പെടുത്തിയ 30 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് പൊലീസ് പിടികൂടുന്നത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭവാന്ദിയിലാണ് സംഭവം നടന്നത്. മൃതദേഹം ഉപേക്ഷിക്കാനായി കർണാടകയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അറസ്റ്റിലായത്.
ഭിവാന്തി ജില്ലയിലെ ശിവാജി നഗർ സ്വദേശിയാണ് പ്രതി സദ്ദാം സയ്യിദ്. 24 കാരിയായ കവിതാ മദാർ എന്ന മസ്കനുമായി പ്രണയത്തിലായിരുന്നു സയ്യിദ്. പ്രതി തൊഴിൽ രഹിതനാണെന്നും കവിത ഒരു ബാർ ഗേൾ ആണെന്നും പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന ദിവസം കവിത ഏറെ വൈകി മദ്യപിച്ചാണ് വീട്ടിലെത്തിയത്. ഇത് ഇരുവരും തമ്മിൽ തർക്കത്തിനിടയാക്കി. ഒടുവിൽ കവിതയെ സയ്യിദ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് കവിതയുടെ കർണാടകയിലുള്ള മുത്തശ്ശിയെ വിളിച്ച് അജ്ഞാതമായ കാരണത്താൽ കവിത മരിച്ചുവെന്ന് അറിയിച്ചു,
തുടർന്ന് ഒരു ആംബുലൻസ് വിളിച്ചു. ഇതിനിടെ കവിത ഫോൺ എടുക്കുന്നില്ലെന്ന് കണ്ട് അവളുടെ സുഹൃത്ത് വീട്ടിലെത്തി. ഈ സമയം അൽവാസികൾ കവിത മരിച്ചുവെന്നും സയ്യിദ് കവിതയുടെ മൃതദേഹം കർണാടകയിലേക്ക് കൊണ്ടുപോയെന്നും സുഹൃത്തിനെ അറിയിച്ചു. സംഭവത്തിൽ സംശയം തോന്നിയ സുഹൃത്ത് പൊലീസിനെ വിവരമറിയിച്ചു.
സയ്യിദ് താമസിക്കുന്ന കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ആംബുലൻ നമ്പർ കണ്ടെത്തി. ആംബുലൻസ് ഉടമയുടെ നമ്പറിൽ ബന്ധപ്പെട്ടു. വാഹനം കർണാടകയിലേക്ക് പോകുകയാണെന്ന് മനസ്സിലാക്കി. പിന്നീട് താനെയിൽ വച്ച് സദ്ദാം സയ്യിദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.