കോട്ടയം: പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കോട്ടയം കോട്ടമുറിയിൽ ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞുപൊട്ടിച്ച സംഭവത്തിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റം കവല സ്വദേശി നസാറുള്ള, നൂറ്റൊന്ന് കവല സ്വദേശി ഷമീർ സലീം എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരാണ്. ബൈക്കിലെത്തിയാണ് ഇരുവരും ബേക്കറിക്ക് നേരേ ആക്രമണം നടത്തിയത്.
തെള്ളകത്ത് കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞ് തകർത്ത സംഭവത്തിലും രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെരുമ്പായിക്കാട് സ്വദേശി ഷാഹുൽ ഹമീദ്, നൂറ്റൊന്നുകവല സ്വദേശി മുഹമ്മദ് റാഫി എന്നിവരും അറസ്റ്റിലയി. ഏറ്റുമാനൂർ പൊലിസാണ് നാല് പ്രതികളെയും പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നാല് പ്രതികളേയും ഇന്ന് കോടതിയിൽ ഹാജരാക്കും.