തിരുവനന്തപുരം: കേരള കേഡര്‍ എഡിജിപിയും മുന്‍ എക്സൈസ് കമ്മീഷണറുമായിരുന്ന മഹിപാല്‍ യാദവ് അന്തരിച്ചു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം രാജസ്ഥാനില്‍ വെച്ചായിരുന്നു. ബുധനാഴ്ച പോലീസ് ആസ്ഥാനത്ത് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത മരണം. ഈ മാസം 30-നാണ് അദ്ദേഹത്തിന് ഔദ്യോഗികമായി വിരമിക്കേണ്ടിയിരുന്നത്.
കേരളത്തിലെ പ്രധാന ചുമതലകള്‍
കേരള പോലീസ് ക്രൈംസ് എഡിജിപി ആയി സേവനമനുഷ്ഠിച്ചുവരികയായിരുന്ന മഹിപാല്‍ യാദവ്, അതിനുമുമ്പ് രണ്ടു വര്‍ഷം കേരള എക്സൈസ് കമ്മീഷണറായും പ്രവര്‍ത്തിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് അദ്ദേഹത്തെ ക്രൈംസ് എഡിജിപി ആയി നിയമിച്ചത്. 1997 ഐ.പി.എസ് ബാച്ച് ഉദ്യോഗസ്ഥനാണ്.
എക്സൈസ് കമ്മീഷണര്‍, എറണാകുളം റേഞ്ച് ഐ.ജി., കേരള ബിവറേജസ് കോര്പ്പറേഷന് എം.ഡി. തുടങ്ങിയ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013-ല്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
സിബിഐയിലെ പ്രധാന കേസുകള്‍
രാജസ്ഥാന് ആള്‍വാര്‍ സ്വദേശിയായ മഹിപാല്‍ യാദവ് സിബിഐയില്‍ ഡെപ്യൂട്ടേഷനില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആ സമയത്ത് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസ്, സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ അനധികൃത സ്വത്ത് കേസ് എന്നിവയില്‍ അന്വേഷണം നടത്തിയിരുന്നു. 2018 മുതല്‍ അതിര്‍ത്തി രക്ഷാ സേനയില്‍ (ബിഎസ്എഫ്) ഇന്‍സ്പെക്ടര്‍ ജനറല്‍ (ഐജി) ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

