കനത്ത മഴയില്‍ പാകിസ്താനില്‍ പ്രളയം. ആയിരത്തിധികം പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. 1,456 പേര്‍ക്ക് പരിക്കേറ്റു, ഏഴ് ലക്ഷത്തിലധികം വീടുകള്‍ തകരുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. മൂവായിരത്തിലധികം കിലോമീറ്റര്‍ റോഡുകളും 150 പാലങ്ങളും തകര്‍ന്നു. ദശലക്ഷം കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മൂന്നര കോടിയോളം മനുഷ്യര്‍ മഹാപ്രളയത്തിന്റെ കെടുതി നേരിട്ട് അനുഭവിക്കുകയാണെന്നാണ് പാക്കിസ്ഥാനില്‍ നിന്നുള്ള വിവരം. 57 ലക്ഷം ജനങ്ങള്‍ പ്രളയത്തില്‍ അഭയകേന്ദ്രങ്ങളില്ലാതെ നില്‍ക്കുകയാണെന്നും പാകിസ്ഥാനിലെ പ്രമുഖ പത്രമായ ഡാേണ്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വാ മേഖലകളിലാണ് കനത്ത നാശം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ മാത്രം 24 പാലങ്ങളും 50 വലിയ ഹോട്ടലുകളും ഒലിച്ചുപൊയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നിലവില്‍ ബലൂചിസ്താന്‍, സിന്ധ്, ഖൈബര്‍-പാഖ്തംഗ്വ പ്രവിശ്യകളില്‍ തുടര്‍ച്ചയായ മഴയും കെടുതിയും തുടരുകയാണ്. സിന്ധ്, ബലൂചിസ്താന്‍ എന്നിവടങ്ങളാണ് ഏറ്റവുമധികം ബാധിക്കപ്പെട്ട മേഖലകള്‍. മിക്കയിടങ്ങളിലും തീവണ്ടി ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രതികൂലകാലാവസ്ഥയെ തുടര്‍ന്ന് പല വിമാനസര്‍വീസുകളും റദ്ദാക്കി.
അതേസമയം, മാരകമായ വെള്ളപ്പൊക്ക കെടുതികളെ നേരിടാന്‍ ലോകം പാക്കിസ്ഥാനെ സഹായിക്കണമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അഭ്യര്‍ത്ഥിച്ചു. പ്രളയ സാഹചര്യത്തില്‍ പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രമുഖ അന്താരാഷ്ട്രാ മാധ്യമങ്ങളായ ബി ബി സിയും അല്‍ ജസീറയുമടക്കം റിപ്പോര്‍ട്ട് ചെയ്തു.