ലൂസെയ്ന്‍ ഡയമണ്ട് ലീഗ് അത്ലറ്റിക്സില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഇന്ത്യയുടെ ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ 89.08 മീറ്റര്‍ ദൂരം കീഴടക്കിയാണ് നീരജ് തിരിച്ചുവരവ് ഗംഭീരമാക്കിയത്. ഏറ്റവും മികച്ച ത്രോയിലൂടെ ഡയമണ്ട് ലീഗില്‍ കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായിരിക്കുകയാണ് നീരജ്.
പരിക്ക് ഭേദമായതിന് ശേഷമുള്ള ആദ്യമത്സരമായിരുന്നു ഇത്. ആദ്യ പരിശ്രമത്തില്‍ തന്നെ നീരജിന് 89.08 മീറ്റര്‍ കണ്ടെത്താന്‍ സാധിച്ചു. രണ്ടാമത്തെ പരിശ്രമത്തില്‍ 85.18 മീറ്ററാണ് താരം നേടിയത്. ഈ മത്സരത്തിലൂടെ ഡയമണ്ട് ലീഗ് ഫൈനലിലേക്ക് നീരജ് യോഗ്യത നേടി. 2023 ലോക ചാമ്പ്യന്‍ഷിപ്പില്‍ താരം പങ്കെടുക്കും.
നീരജിന് വലിയ എതിരാളിയാകുമെന്ന പ്രതീക്ഷിച്ച ടോക്കിയോയിലെ വെള്ളിമെഡല്‍ ജേതാവായ ചെക്ക് താരം യാക്കൂബ് ആണ് വെള്ളി സ്വന്തമാക്കിയത്. 85.88 മീറ്റര്‍ ദൂരം എറിഞ്ഞാണ് യാക്കൂബ് രണ്ടാമതും 83.72 മീറ്റര്‍ എറിഞ്ഞ അമേരിക്കന്‍ താരം കര്‍ഡിസ് തോംസണ്‍ മൂന്നാം സ്ഥാനവും നേടിയത്. സെപ്റ്റംബര്‍ 7,8 തീയതികളിലാണ് ഫൈനല്‍സ് നടക്കുക. ആദ്യ ആറ് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്കാണ് ഫൈനലിലേക്ക് പ്രവേശനം.