ദിസ്പുര്‍: ഓടക്കുഴല്‍ വായന ശ്രവിക്കുന്ന പശുക്കള്‍ കൂടുതല്‍ പാല്‍ ചുരത്തുമെന്ന് ബിജെപി എംഎല്‍എ. അസമിലെ മുതിര്‍ന്ന ബിജെപി നേതാവും സില്‍ച്ചര്‍ എംഎല്‍എയുമായ ദിലിപ് കുമാര്‍ പോളാണ് ഇങ്ങനെ ഒരു വാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ചൊവ്വാഴ്ച സില്‍ചറില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇത് പങ്കുവെച്ചത്.
“ശ്രീകൃഷ്ണന്‍ പുല്ലാങ്കുഴല്‍ വായിച്ചിരുന്നതുപോലെ പുല്ലാങ്കുഴല്‍ വായിച്ചുകേട്ടാല്‍ പശുക്കള്‍ നിലവില്‍ നല്‍കുന്നതിന്റെ ഇരട്ടി പാല്‍ ചുരത്തുമെന്നാണ് നേതാവിന്റെ വാദം. സംഗീതവും നൃത്തവും പശുക്കളില്‍ സ്വാധീനം സൃഷ്ടിക്കുമെന്നും ഓടക്കുഴല്‍ വായന കേള്‍ക്കുന്നത് പാലുല്‍പാദനം കൂട്ടുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് ആസ്ഥാനമായ ഒരു സന്നദ്ധസംഘടന വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇക്കാര്യത്തില്‍ പഠനം നടത്തിയതായും ഇക്കാര്യം ശാസ്ത്രീയമായി തെളിയിച്ചതാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു”.