സില്‍വര്‍ ലൈനിന് ബദലായി കേരളത്തിലെ റെയില്‍വെ വികസനം ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ ബിജെപി. കേരളത്തില്‍ നിന്നുള്ള ബിജെപി പ്രതിനിധി സംഘം ഇന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ കാണും. കേന്ദ്ര സഹമന്ത്രി വി മുരളീധരനും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. സില്‍വര്‍ ലൈന് ബദലായി കേരളത്തില്‍ റെയില്‍വേ വികസനത്തിനുള്ള സാധ്യതകള്‍ യോഗത്തില്‍ ചര്‍ച്ചയാകും ഉച്ചയ്ക്ക് രണ്ടരയ്ക്ക് പാര്‍ലമെന്റിലാണ് കൂടിക്കാഴ്ച.
കേരളത്തിന് മൂന്നാമത്തെ റെയലില്‍വേ ലൈന്‍ വേണമെന്നാവശ്യം ബിജെപി നേതാക്കള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ അറിയിക്കും. നിലവിലുള്ള കേരളത്തിലെ റെയില്‍വേ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ക്ക് അനുമതി നല്‍കണമെന്നും ബിജെപി നേതാക്കള്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടും. അതോടൊപ്പം തന്നെ നേമം ടെര്‍മിനല്‍ പദ്ധതി പുനഃസ്ഥാപിക്കണം എന്ന ആവശ്യവും നേതാക്കള്‍ മുന്നോട്ടുവെക്കും.
നേമം ടെര്‍മിനല്‍ പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ പിന്മാറ്റം ബി.ജെ.പിയെ രാഷ്ട്രീയമായി ബാധിക്കും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി പുനഃസ്ഥാപിക്കണമെന്നുള്ള ആവശ്യം ബി.ജെ.പി. മുന്നോട്ടുവെക്കുന്നത്. കേരളത്തില്‍ വേഗത കൂടിയ തീവണ്ടികള്‍ ഓടിക്കാനുള്ള സംവിധാനമുണ്ടാകണമെന്നും അതിന് ബദല്‍ മാര്‍ഗം കണ്ടെത്തേണ്ടതുണ്ടെന്നും വി. മുരളീധരന്‍ പറഞ്ഞു.
‘കെ- റെയില്‍ എന്ന പേരില്‍ റെയില്‍വേ വകുപ്പിന്റെ മുമ്പാകെ കൊടുത്തിരിക്കുന്ന പദ്ധതി സാമ്പത്തികമായി നടപ്പിലാക്കാന്‍ പറ്റുന്നതല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തില്‍ വേഗത കൂടിയ തീവണ്ടികള്‍ ഓടിക്കാനുള്ള സംവിധാനമുണ്ടാകണം. അതിന് ബദല്‍ മാര്‍ഗം കണ്ടെത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തും’, വി. മുരളീധരന്‍ പറഞ്ഞു.